കല്‍പ്പറ്റ: സംസ്ഥാനത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 387 ആയി. ഇതിൽ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും.
അതേസമയം ചൂരൽമലയിലേക്ക് തെരച്ചിലിനായി പോകുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി. ഇവിടത്തെ ഭൂപ്രകൃതിവച്ച് മണ്ണിടിച്ചിലുണ്ടായാല്‍ ഒഴിഞ്ഞുമാറാന്‍ ഏറെ ബുദ്ധിമുട്ടാണ്. രക്ഷാ പ്രവര്‍ത്തകരുടെ എണ്ണം കുറച്ച് ചെറുസംഘങ്ങളാക്കാനാണ് തീരുമാനം.
മഴകനക്കാനുള്ള സാധ്യതയുള്ളതിനാല്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളോടെയായിരിക്കും തെരച്ചില്‍ നടത്തുക. മഴയില്‍ മലയുടെ മുകള്‍ ഭാഗത്തുള്ള മണ്ണ് ഇടിയാനുള്ള സാധ്യതയും ഉണ്ട്. പലയിടത്തും മുട്ടോളം മണ്ണും കുന്നുകൂടി കിടക്കുന്നുണ്ട്. 12 സോണുകളിലായി 50 പേര് വീതമുള്ള സംഘങ്ങളാണ് തെരച്ചില്‍ നടത്തുന്നത്.
കാണാതായവർക്കായി ചാലിയാർ പുഴയില്‍ ഇന്ന് രാവിലെ എട്ടോടെ തെരച്ചില്‍ ആരംഭിച്ചു. ഇന്നലെ രണ്ട് മൃതദേഹങ്ങളാണ് ചാലിയാറില്‍ നന്നും ലഭിച്ചത്. ഒരു പുരുഷന്റെ പകുതി മൃതദേഹവും സ്ത്രീയുടെ മൃതദേഹവുമാണ് ലഭിച്ചത്.
പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ഓരോ വാർഡിലുമാണ് തെരച്ചില്‍ നടത്തുന്നത്.ഇന്നലെ തെരച്ചിലിന് പോയി വനത്തിൽ അകപ്പെട്ടവർ ഇന്ന് തിരികെയെത്തും. സൂചിപ്പാറയ്ക്ക് അടുത്ത് കാന്തൻപാറയിൽ കണ്ട മൃതദേഹം എടുക്കുന്നതിൽ ഉണ്ടായ താമസത്തെ തുടർന്നാണ് ഇവരുടെ തിരിച്ചു വരവ് തടസപ്പെട്ടത്.
കാട്ടാന ശല്യമുള്ളതിനാൽ രാത്രി തിരികെയെത്തുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് ഇവർ വനത്തിൽ തന്നെ തുടരാൻ തീരുമാനിച്ചത്. 18 പേരാണ് സംഘത്തിലുള്ളത്. സുരക്ഷിതരാണെന്നും രാവിലെ തിരികെ എത്തുമെന്നും ഇവർ പോലീസിനെ ഫോണിൽ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്.