കല്പ്പറ്റ: ചൂരല്മലയെയും മുണ്ടക്കൈയെയും പിടിച്ചുകുലുക്കിയ ഉരുള്പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം. ഒരാഴ്ച പിന്നിടുമ്പോഴും തെരച്ചില് തുടരുകയാണ്. സൂചിപ്പാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചാണ് ഇന്നു തെരച്ചില് നടക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഫയർഫോഴ്സും എന്ഡിആർഎഫും അടങ്ങുന്ന സംഘമാണ് തെരച്ചിലിനു നേതൃത്വം നല്കുന്നത്.
പരിശീലനം നേടിയ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും ആറ് സൈനികരും അടങ്ങുന്ന സംഘം എസ്കെഎംജെ ഗ്രൗണ്ടിൽനിന്ന് എയര് ലിഫ്റ്റിംഗിലൂടെ ദുരന്തസ്ഥലത്ത് എത്തിച്ചേരുകയായിരുന്നു. രാവിലെ ഒമ്പതോടെതന്നെ പരിശോധന ആരംഭിച്ചു. സൂചിപ്പാറ വെള്ളച്ചാട്ടംമുതൽ പോത്തുകൽവരെയുള്ള തെരച്ചില് സാഹസികത ഏറിയതാണെന്നാണ് ഉദ്യോഗസ്ഥര് പറയുന്നത്.
മൂന്ന് വെള്ളച്ചാട്ടങ്ങൾ കടന്നുവേണം പോത്തുകല്ലിലെത്താൻ. മൃതദേഹങ്ങൾ കണ്ടെത്തിയാൽ ചുമന്ന് പുറത്തെത്തിക്കാൻ കഴിയാത്തതിനാൽ എയർലിഫ്റ്റ് ചെയ്യേണ്ടിവരും.ചാലിയാറിന്റെ വിവിധ മേഖലകളിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ സംവിധാനം ഉപയോഗിച്ചു പരിശോധന നടത്തുന്നുണ്ട്. ചാലിയാറിന്റെ ഒരു ഭാഗം മാത്രമാണ് നേരത്തെ പരിശോധിക്കാൻ കഴിഞ്ഞിട്ടുള്ളത്.
ഇന്നലെ മൃതദേഹം കണ്ടെത്തിയ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും വിവിധ പ്രദേശങ്ങളിലും പരിശോധന തുടരും.ഉരുള്പൊട്ടലില് ഇതുവരെ 402 പേര് മരിച്ചതായാണ് കണക്ക്. ഔദ്യോഗികമായി 227 പേര് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.180ഓളം പേരെയാണു കണ്ടെത്താനുള്ളത്.
ചൂരൽമലയിലേക്ക് കെഎസ്ആർടിസി സർവീസുകള് പുനരാരംഭിച്ചു
മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമലയിലേക്ക് കെഎസ്ആർടിസി റെഗുലർ സർവീസുകള് പുനഃരാരംഭിച്ചു. ചൂരൽമലയിലെ ചെക്ക്പോസ്റ്റ് വരെയാകും വാഹനങ്ങൾ കടത്തിവിടുക. ചെക്പോസ്റ്റിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് അവിടെനിന്ന് കാൽനടയായി ഉള്ളിലേക്ക് പ്രവേശിക്കാമെന്ന് ജില്ലാ കളക്ടര് അറിയിച്ചു.