കൊച്ചി: “ആ കാണുന്ന സ്ഥലത്തായിരുന്നു എന്റെ വീട്. ഉരുള്പ്പൊട്ടലിനു ശേഷം എന്റെ ഭാര്യയെയും രണ്ടുമക്കളെയും അമ്മയേയും കാണാനില്ല. ആ കെട്ടിടത്തിനടിയില് ഒന്നു നോക്കാമോ’- കഴിഞ്ഞ 31 ന് വയനാട് ദുരന്തഭൂമിയിലേക്ക് തെരച്ചിലിനെത്തിയ കൊച്ചി സിറ്റി പോലീസ് ഡോഗ് സ്ക്വാഡിലെ നായ്ക്കളായ മായയുടെയും മര്ഫിയുടെയും ഹാന്ഡ്ലര്മാരോട് മുണ്ടക്കൈ സ്വദേശിയായ സുജിത്തിന്റെ ദയനീയമായ അപേക്ഷയായിരുന്നു ഇത്. ഒരു സ്റ്റെയര് കേസ് മാത്രമായിരുന്നു അവിടെ ബാക്കി ഉണ്ടായിരുന്നത്.
ഉടന്തന്നെ ഹാന്ഡ്ലര്മാരായ പി. പ്രഭാതും മാനേഷും മായ എന്ന പോലീസ് നായയെ തകര്ന്ന് കിടക്കുന്ന കെട്ടിടത്തിനു സമീപത്തെത്തിച്ചു. അല്പനേരം സ്ഥലത്ത് മണം പിടിച്ച ശേഷം മണ്ണിലേക്ക് നോക്കി നിര്ത്താതെ കുരച്ച് മായ ശരീരം വിറപ്പിച്ചു. ആ ഭാഗത്ത് കുഴിച്ചു നോക്കാനായി പ്രഭാത് അവിടെയുള്ളവരോട് നിര്ദേശിച്ചു.
തുടര്ന്ന് മൂന്നര വയസുള്ള ഒരു പെണ്കുഞ്ഞിന്റെ ചേതനയറ്റ ശരീരമാണ് അവിടെനിന്ന് കണ്ടെത്തിയത്. തുടര്ന്നുള്ള ദിവസങ്ങളില് മായയും മര്ഫിയും ചേര്ന്നുള്ള തെരച്ചിലില് കണ്ടെത്തിയത് 24 മൃതദേഹങ്ങളും ഒരു കാലിന്റെ ഭാഗവുമാണ്. കൂടാതെ ഇരു നായ്ക്കളും ചേര്ന്ന് കാണിച്ചുകൊടുത്ത സ്ഥലം മാര്ക്ക് ചെയ്ത് പരിശോധിച്ചപ്പോള് 50ലധികം ശരീര ഭാഗങ്ങളും കണ്ടെത്താനായി. മേപ്പാടി, പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്മല, ഓള്ഡ് വില്ലേജ് എന്നീ സ്ഥലങ്ങളിലാണ് കൊച്ചി സിറ്റി പോലീസിന്റെ നായ്ക്കള് തെരച്ചില് നടത്തിയത്.
ബല്ജിയന് മലിനോയ്സ് ഇനത്തില്പ്പെട്ട നാലര വയസുകാരിയായ മായയും നാലു വയസുകാരി മര്ഫിയും 2020 മാര്ച്ചിലാണ് കേരള പോലീസ് അക്കാദമിയില് പരീശീലനം തുടങ്ങിയത്. തുടര്ന്ന് 2021 ഫെബ്രുവരിയില് കൊച്ചി സിറ്റി പോലീസിന്റെ ഡോഗ് സ്ക്വാഡിലെത്തി.
മണ്ണിനടിയില്നിന്നും മനുഷ്യശരീരം കണ്ടെത്തുന്നതിനുള്ള വിദഗ്ദ്ധ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും മര്ഫിയും.
ഇവര്ക്ക് 40 അടി താഴെ വരെ ആഴത്തിലുള്ള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താനുള്ള കഴിവുണ്ട്. മണം പിടിച്ച് മൃതദേഹങ്ങള് കണ്ടെത്തിക്കഴിഞ്ഞാല് ഇവ കുരച്ച് പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കും. എന്നിട്ട് നിലത്ത് ഇരിക്കും.മുമ്പ് പെട്ടിമുടിയിലെ ദുരന്തത്തില് എട്ടു മൃതദേഹങ്ങള് മായ മണ്ണിനടിയില് നിന്ന് കണ്ടെത്തിയിരുന്നു.
മായയും മര്ഫിയും ചേര്ന്നാണ് കൊക്കയാറിലെ ഉരുള്പൊട്ടല് മേഖലയില് നിന്ന് നാല് മൃതദേഹങ്ങള് കണ്ടെത്തിയത്. രാജമല, ഇലന്തൂര് ഇരട്ട നരബലി എന്നീ സംഭവങ്ങളില് മൃതദേഹങ്ങള് കണ്ടെത്താനും ഇവരുണ്ടായിരുന്നു. കഴിഞ്ഞ ഏപ്രിലില് വടക്കാഞ്ചേരിയില് നിന്നും കാണാതായവരെ കാട്ടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തിലും മൃതദേഹം കണ്ടെത്താന് സഹായിച്ചത് മായയും മര്ഫിയുമായിരുന്നു.
പോലീസ് ഉദ്യോഗസ്ഥരായ പി. പ്രഭാതും കെ.എം. മനേഷുമാണ് മായയുടെ ഹാന്ഡ്ലര്മാര്. കെ.എസ്. ജോര്ജ് മാനുവലാണ് മര്ഫിയുടെ ഹാന്ഡ്ലര്. രക്ഷാദൗത്യത്തിനു ശേഷം ഇരു നായ്ക്കളും ഇന്നലെ കൊച്ചിയില് തിരിച്ചെത്തി.