കല്പ്പറ്റ: ഉരുള്പൊട്ടിയ മുണ്ടക്കൈ, ചൂരല്മല മേഖലകളില് ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്ന്ന ശാസ്ത്രജ്ഞന് ജോണ് മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസംഘം ഇന്ന് ഉച്ചയോടെ പരിശോധന നടത്തും.
ദുരന്തപ്രദേശത്തെയും അനുബന്ധ മേഖലകളിലെയും അപകടസാധ്യത വിലയിരുത്തുന്ന സംഘം ഇതുസംബന്ധിച്ച റിപ്പോര്ട്ട് സര്ക്കാരിന് കൈമാറും. ഈ ഭാഗത്ത് ഇനി ജനവാസം സാധ്യമാണോ എന്നതുള്പ്പെടെയുള്ള കാര്യങ്ങള് പരിശോധിക്കും.
ഉരുള്പൊട്ടലുണ്ടായ മേഖലയിലെ ഭൂവിനിയോഗം എങ്ങനെയായിരിക്കണമെന്നും ഇവര് ശിപാര്ശ ചെയ്യും. ഇതനുസരിച്ചായിരിക്കും അട്ടമല, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെ പുനര്നിര്മാണപ്രവര്ത്തനവും ആള്താമസവും മറ്റും തീരുമാനിക്കുക.
ചാലിയാർ തീരത്തെ ജനകീയ തെരച്ചിൽ തുടങ്ങി
നിലമ്പൂർ: ചൂരൽമല മുണ്ടക്കൈ ഉരുള്പൊട്ടലുമായി ബന്ധപ്പെട്ട് നിലമ്പൂർ ചാലിയാർ തീരത്തെ ജനകീയ തെരച്ചിൽ ആരംഭിച്ചു. മുണ്ടേരി ഫാം മുതല് പരപ്പന്പാറ വരെയുള്ള ചാലിയാറിന്റെ ഇരു കരകളിലും തെരച്ചിൽ നടത്താനാണ് തീരുമാനം.
എന്ഡിആര്എഫ്, അഗ്നിരക്ഷാ സേന, സിവില് ഡിഫന്സ് സേന, പോലീസ്, തണ്ടര്ബോള്ട്ട്, വനംവകുപ്പ് എന്നീ സേനകള് അടങ്ങുന്ന 60 അംഗ സംഘമാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്.
സന്നദ്ധ സംഘടനകളുടെ പ്രവർത്തകരും മലപ്പുറം ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ മുണ്ടേരി ഇരുട്ടുകുത്തിയിലെ മുങ്ങൽ വിദഗ്ധരും തെരച്ചിലിന്റെ ഭാഗമാകും. ചാലിയാർ പുഴയിൽ രൂപപ്പെട്ടിട്ടുള്ള പുതിയ മണൽത്തിട്ടകൾ കേന്ദ്രീകരിച്ചും തെരച്ചിൽ ശക്തമാക്കും.
ദുരന്തം നടന്ന് രണ്ടാഴ്ചയായി തുടരുന്ന തെരച്ചിലില് ഇതുവരെ 80 മൃതദേഹങ്ങളും 167 ശരീര ഭാഗങ്ങളുമാണ് ചാലിയാറിന്റെ വിവിധ ഭാഗങ്ങളില് നിന്നായി കണ്ടെടുത്ത് നിലമ്പൂര് ജില്ലാ ആശുപത്രിയില് എത്തിച്ചത്. ദുരന്തം നടന്നിട്ട് 14 ദിവസം പിന്നിടുമ്പോൾ ഇനി 130 മൃതദേഹങ്ങൾ കൂടിയാണ് കണ്ടെത്താനുള്ളത്.