ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ഡൽഹി കേരള ഹൗസിൽ നടന്ന കൂടിക്കാഴ്ച്ചയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കർ, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി തോമസ് എന്നിവരും പങ്കെടുത്തു.
ഇന്ന് രാവിലെ ഒൻപതിന് കേരള ഹൗസിൽ എത്തിയ കേന്ദ്രമന്ത്രി നിർമല സീതാരാമനെ മുഖ്യമന്ത്രി പിണറായി വിജയൻ, കെ.വി തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.അനൗദ്യോഗിക സന്ദർശനമായിരുന്നു കേന്ദ്ര മന്ത്രിയുടേത്. മുക്കാൽ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് കേന്ദ്ര മന്ത്രി പാർലമെന്റിലേക്ക് പോയത്. സിപിഎം പിബി യോഗത്തിൽ പങ്കെടുക്കാൻ പിണറായി വിജയൻ ഡൽഹിയിൽ തുടരുകയാണ്.
വയനാട് പുനരധിവാസത്തിനുള്ള വായ്പാ വിനിയോഗ കാലാവധി നീട്ടി നൽകുക, ലാപ്സായ കേന്ദ്ര സഹായം മുൻകാല പ്രാബല്യത്തോടെ നൽകുക തുടങ്ങിയവ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് വിവരം. വയനാട്, വിഴിഞ്ഞം തുടങ്ങിയവയും ചർച്ചയായി. അതേസമയം ആശ പ്രവർത്തകരുടെ സമരം ചർച്ചയായില്ല എന്നാണ് വിവരം.