താമരശേരി: ലോക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവു വന്നതൊടെ ദീർഘ നാളത്തെ ഇടവേളയ്ക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വിനോദ സഞ്ചാരികൾ കൂട്ടത്തോടെ വയനാട് ചുരത്തിലേക്ക് എത്തി തുടങ്ങിയത് നാട്ടുകാരിൽ ആശങ്കയേറ്റുന്നു.
കോഴിക്കോട്, മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിത്യേന നൂറുകണക്കിന് സഞ്ചാരികളാണ് ചുരത്തിലെത്തുന്നത്.
ബൈക്കിലും മറ്റുമായി എത്തുന്ന യുവാക്കളിലേറെപ്പേരും മാസ്ക് ധരിക്കാതെയും സാമൂഹികഅകലം പാലിക്കാതെയുമാണ് വ്യൂപോയിന്റിലടക്കമിറങ്ങി ഫോട്ടോയെടുക്കുകയും കാഴ്ച കാണുകയും ചെയ്യുന്നത്.
വയനാട്ടിലേക്ക് പോകുന്ന യാത്രകാരിൽ പലരും പിഞ്ചുകുട്ടികളുമായിട്ടാണ് വ്യൂപോയിന്റിൽ കാഴ്ച കാണാനിറങ്ങുന്നത്.
വ്യൂപോയിന്റിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ നിയന്ത്രണമുണ്ടായിരുന്നെങ്കിലും കോവിഡ് കാലമായതിനാൽ പോലീസ് നിരീക്ഷണം ശക്തമല്ല.
കാഴ്ച കാണാൻ വാഹനങ്ങൾ കൂട്ടത്തോടെ പാർക്ക് ചെയ്യുകയും യാത്രക്കാർ കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും കുപ്പികളും ചുരത്തിൽ നിക്ഷേപിച്ചാണ് പലയാത്രകാരും മടങ്ങുന്നത്.
ബൈക്കിലെത്തുന്നവരെ കൂടാതെ കുടുംബസമേതവും നിരവധി സഞ്ചാരികളെത്തുന്നുണ്ട്. ഇതിൽ പ്രായമായവരും കൊച്ചുകുട്ടികളും ഉൾപ്പെടും.
സഞ്ചാരികൾ കാഴ്ചകൾ കാണുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമായി വ്യൂ പോയിന്റുകളിലും മറ്റും വാഹനം നിർത്തി സാമൂഹ്യ അകലം പാലിക്കാതിക്കുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകും എന്നതാണ് നാട്ടുകാരുടെ ആശങ്ക.