താമരശേരി: വലിയവാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ വയനാട് ചുരത്തില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മൂന്ന് അപകടങ്ങള്‍. ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം. രാത്രി ഒന്‍പതോടെ കെഎസ്ആര്‍ടിസി ബസ് ഓടയില്‍ കുടുങ്ങിയാണ് ആദ്യ അപകടമുണ്ടായത്. ഇതോടെ ബസ് യാത്രികർ ചുരത്തില്‍ കുടുങ്ങി. ഇവര്‍ പിന്നീട് മറ്റൊരു ബസില്‍ കയറിയാണ് യാത്ര തുടര്‍ന്നത്. ബസ് ഇതുവരേയും മാറ്റാനായിട്ടില്ല.
പിന്നീട് രാത്രി രണ്ടിനും മുന്നിനുമായി ചരക്കു ലോറികള്‍ നിയന്ത്രണം വിട്ട് ഓടയില്‍ കുടങ്ങി. ചുരത്തില്‍ നിരോധിച്ച 12 ചക്രങ്ങളുള്ള വലിയ ലോറികളാണ് കുടുങ്ങിയത്. അഞ്ച്, ഏഴ് വളവുകളിലാണ് ഗതാഗതം തടസപ്പെട്ടത്. തുടര്‍ന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഗതാഗതം നിയന്ത്രിച്ചു. വാഹനങ്ങള്‍ ഒറ്റവരിയായാണ് ഇപ്പോള്‍ കടന്ന് പോകുന്നത് . ഗതാഗത തടസം ഉച്ചവരെ നീളുമെന്നാണറിയുന്നത്.
താമരശ്ശേരി ചുരത്തില്‍ ഭാരംകൂടിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഇതുവരേയും നടപ്പാക്കിയിട്ടില്ല. മലയിടിച്ചിലിന്റെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു ഒരു അറിയിപ്പുണ്ടാവുന്നതുവരെ വലിയ വാഹനങ്ങള്‍ക്ക് കളക്ടര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്.
എന്നാല്‍ കളക്ടറുടെ നിര്‍ദേശം നടപ്പാക്കുന്നതില്‍ പോലീസിന്റെ ഭാഗത്തും ഗുരുതര വീഴ്ചയാണുണ്ടാവുന്നത്. പന്ത്രണ്ടും, പതിനാലും വരെ ചക്രങ്ങളുള്ള ചരക്കുലോറികളാണ് ഇപ്പോള്‍ ചുരത്തിലൂടെ ഇടതടവില്ലാതെ പോവുന്നത്.
മഴയെ തുടര്‍ന്ന് ചുരം റോഡിന്റെ പലയിടങ്ങളും ദുര്‍ബലമായിരിക്കുകയാണ്. വലിയവാഹനങ്ങള്‍ കടന്നുവരുമ്പോള്‍ റോഡ് ഇടിയാനുള്ള സാധ്യതയുമേറെയാണ്. റോഡില്‍ അവിടവിടെ ഉറവ രൂപപ്പെട്ട് വെള്ളം പരന്നൊഴുകുന്നതിനാല്‍ ചുരത്തിന്റെ പല ഭാഗങ്ങളും മഴയില്‍ കുതിര്‍ന്ന് ഇടിയാന്‍ തുടങ്ങിയതോടെയാണ് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത്.