കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്തബാധിത സ്ഥലം കണ്ടുമടങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. ചൂരൽമല പാലക്കോടൻ വീട്ടിൽ കുഞ്ഞുമുഹമ്മദ് ആണ് മരിച്ചത്. വ്യാഴാഴ്ച അദ്ദേഹം ദുരന്തം ബാധിച്ച മേഖല സന്ദർശിക്കുന്നതിനായി പോയിരുന്നു.
അതിനുപിന്നാലെ വീട്ടിലേക്ക് മടങ്ങിയെത്തി. അൽപസമയത്തിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളയാളാണ് ഇദ്ദേഹം.
ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ നിന്നും ബന്ധു വീട്ടിലേക്ക് താമസം മാറിയയാളാണ് കുഞ്ഞു മുഹമ്മദ്. ജീപ്പ് ഡ്രൈവറായിരുന്നു. ദുരന്തത്തെത്തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു അദ്ദേഹം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിയടക്കം പൂർത്തീകരിച്ച ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.