കൊച്ചി: വയനാട് ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട കണക്കുകള് സംബന്ധിച്ച് സംസ്ഥാന സര്ക്കാരിനും ദുരന്തനിവാരണ അഥോറിറ്റിക്കും ഹൈക്കോടതിയുടെ രൂക്ഷവിമര്ശനം. ചൂരല്മല- മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കേന്ദ്രത്തോടു സഹായം ആവശ്യപ്പെടുമ്പോള് കൃത്യമായ കണക്ക് വേണമെന്നു സംസ്ഥാന സര്ക്കാരിനോട് കോടതി നിര്ദേശിച്ചു.
ദുരന്തനിവാരണ അഥോറിറ്റി ഫണ്ട് കൈമാറാന് മാസങ്ങള് താമസിച്ചതെന്താണെന്നു ചോദിച്ച ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന് നമ്പ്യാരും സി.പി. മുഹമ്മദ് നിയാസും അടങ്ങിയ ഡിവിഷന് ബെഞ്ച്, ഓഡിറ്റിംഗ് പോലും കൃത്യമല്ലല്ലോയെന്നും കുറ്റപ്പെടുത്തി. ആരെയാണു വിഡ്ഢികളാക്കാന് ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു.
677 കോടി രൂപയില്നിന്ന് എത്ര രൂപ ചൂരല്മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ചെലവഴിക്കാൻ കഴിയുമെന്ന് അറിയില്ലെങ്കില് പിന്നെ എങ്ങനെ പണമില്ലെന്നു പറയും. കേന്ദ്രവും സംസ്ഥാനവും പരസ്പരം ആരോപണം ഉന്നയിക്കുന്നതിനു പകരം കണക്ക് കൃത്യമായി തയാറാക്കൂ. 677 കോടി രൂപയില്നിന്ന് എത്ര രൂപ മറ്റു നിര്മാണപ്രവര്ത്തനങ്ങള്ക്കായി അനുവദിച്ചിട്ടുള്ളതാണെന്നു വ്യക്തമായി പറയണം.
അതിനുശേഷം സഹായം അനുവദിക്കുന്നതിനെക്കുറിച്ച് കേന്ദ്രത്തോടു പറയാമെന്നും ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഓരോ വര്ഷവും ശരാശരി 700 കോടിയിലധികം രൂപ എസ്ഡിആര്എഫില്നിന്നു ചെലവഴിക്കേണ്ടതുണ്ടെന്ന് കോടതിയില് ഹാജരായ അക്കൗണ്ട്സ് ഓഫീസര് വിശദീകരിച്ചു. വയനാട്ടില് ഉണ്ടായതുപോലുള്ള വലിയ ദുരന്തങ്ങള് ഇതില് വരില്ല.
എന്നാല്, ചെലവിന്റെ കാര്യം അക്കൗണ്ട്സില് കൃത്യമായി പ്രതിഫലിക്കണമെന്ന് കോടതി പറഞ്ഞു. 677 കോടിയില് എത്ര രൂപ ഉപയോഗിക്കാമെന്നതില് ഒരു ധാരണയുമില്ല. എന്നിട്ട് അടിയന്തരമായി 240 കോടി വേണമെന്ന് ആവശ്യപ്പെട്ടു. ധനവിനിയോഗത്തില് ഓഡിറ്റ് റിപ്പോര്ട്ട് ഉണ്ടാകില്ലെന്നും കോടതി പ്രതികരിച്ചു. ഹര്ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.