കൽപറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്കായുള്ള താത്കാലിക പുനരധിവാസമാണ് പ്രഥമ പരിഗണനയെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ദുരന്തബാധിതരുടെ പുനരധിവാസം പൂർത്തിയാകുന്നത് വരെ പൊതുമരാമത്ത് വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സുകൾ താമസത്തിന് വിട്ടുകൊടുക്കുമെന്ന് മന്ത്രി പറഞ്ഞു.
സാധ്യമായ എല്ലാ വകുപ്പുകളുടെയും കെട്ടിടങ്ങൾ ഉപയോഗിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന്റെ ക്വാർട്ടേഴ്സ് ഉൾപ്പെടെ സർക്കാരിന്റെ കീഴിലുള്ള കെട്ടിടങ്ങളിൽ 64 കുടുംബങ്ങൾക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് ഇന്ന് ദുരന്തമേഖലയിൽ പരിശോധന നടത്തുന്നത്. സൂചിപ്പാറ മലയിൽ ഇന്നലെ വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിച്ച് താഴേക്കിറങ്ങി തിരച്ചിൽ നടത്തിയിരുന്നു. മൃതദേഹങ്ങൾ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല എങ്കിലും ഇന്നും സമാനരീതിയിലുള്ള പരിശോധന തുടരാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.