ന്യൂഡൽഹി: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലന്ന് കേന്ദ്രം. നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ല എന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി.
മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.വി. തോമസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തു നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്. മാനദണ്ഡങ്ങള്‍ പ്രകാരം പ്രളയവും ഉരുള്‍പൊട്ടലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് കത്തില്‍ വ്യക്തമാക്കുന്നു.
ജൂലൈയിലും നവംബറിലുമായി കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് 388 കോടി രൂപ നല്‍കിയിട്ടുണ്ട്.
കേരളത്തിന്റെ അക്കൗണ്ടന്റ് ജനറൽ സംസ്ഥാനത്തിന്റെ കൈയിൽ ദുരന്തനിവാരണ ഫണ്ടിന്റെ നീക്കിയിരിപ്പായി 394.99 കോടി രൂപ ഉണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ദുന്തം നേരിടാനാവശ്യമായ തുക ഇപ്പോൾ തന്നെ സംസ്ഥാന സർക്കാരിന്റെ പക്കലുണ്ടെന്നും നിത്യാനന്ദ റായ് കത്തിൽ ചൂണ്ടിക്കാട്ടുന്നു