കൊച്ചി: മുണ്ടക്കൈ- ചൂരൽമലയിലെ പുനരധിവാസം അടിയന്തിരമായി നടപ്പിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. പുനരധിവാസത്തിനായി തയാറാക്കിയിരിക്കുന്ന പട്ടിക അബദ്ധപട്ടികയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എൽപി സ്കൂളിലെ കുട്ടികളെ ഈ ജോലി ഏൽപ്പിച്ചിരുന്നെങ്കിൽ ഇതിനേക്കാൾ നല്ലതായി ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദുരിതബാധിതരുടെ പുനരധിവാസത്തിനായി നാലു മന്ത്രിമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അവർ നാലുപേരും ഒരുമിച്ച് ഇതുവരെ വയനാട് സന്ദർശിച്ചിട്ടില്ല. വയനാട് പുനരധിവാസത്തിൽ സർക്കാർ വൻ പരാജയമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.