കൽപ്പറ്റ: വയനാട് വന്യജീവിസങ്കേതത്തിലെ കടുവകളുടെ എണ്ണത്തിന്റെ കണക്കില്ലെന്ന വിചിത്രവാദവുമായി വനം വകുപ്പ്.
സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കടുവകൾ അധിവസിക്കുന്നത് വയനാട് വന്യജീവി സങ്കേതത്തിലാണന്ന്് വനം വകുപ്പ് തന്നെ ഉറപ്പിച്ചു പറയുന്നതിനിടെയാണ് കണക്കറിയില്ലെന്നും പറയുന്നത്.
വിവരാവകാശ നിയമ പ്രകാരം ചെതലയത്തെ സാമൂഹ്യ പ്രവർത്തകന്റെ ചോദ്യത്തിനാണ് കണക്കില്ലന്ന് വനം വകുപ്പ് മറുപടി നൽകിയത്. വയനാട് വന്യജീവി സങ്കേത്തതിലെ കുറിച്യാട്, മുത്തങ്ങ, തോൽപ്പെട്ടി എന്നീ റേഞ്ചുകളിൽ 2005 മുതൽ 2019 വരെയുള്ള കാലയളവിൽ എത്ര കടുവകൾ, പുള്ളിപ്പുലി, കരടി എന്നിവയുണ്ടെന്നായിരുന്നു ചോദ്യം.
ഈ ചോദ്യത്തിന് ഇക്കാലയളവിൽ പുള്ളിപ്പുലിയുടെയും കരടിയുടെയും സെൻസസ് നടത്തിയിട്ടില്ലന്നും 2014, 2018 വർഷങ്ങളിൽ കടുവയുടെ സെൻസസ് നാഷനൽ ടൈഗർ കണ്‍സർവേഷൻ അഥോറിറ്റി നടത്തിയെന്നും എന്നാൽ റേഞ്ച് തിരിച്ചുള്ള കണക്ക്് ലഭ്യമല്ലന്നാണ് വനം വകുപ്പ് മറുപടി നൽകിയത്.
കഴിഞ്ഞദിവസം ബീനാച്ചിയിൽ ജനവാസ കേന്ദ്രത്തിൽ അമ്മയും രണ്ടു കുട്ടികളെയുമടക്കം മൂന്ന് കടുവകൾ ഇറങ്ങിയിരുന്നു. കൂടാതെ ഒരാഴ്ച മുന്‍പ് പുൽപ്പള്ളി ചീയന്പം മേഖലയിൽ നിന്നും കടുവയെ കൂടുവച്ച് പിടികൂടി തിരുവനന്തപുരം നെയ്യാറിലേക്ക് മാറ്റുകയും ചെയ്്തിരുന്നു.
ഈ കടുവയെ വയനാട് വന്യജീവിസങ്കേതത്തിൽ നേരത്തെ ലൊക്കേറ്റ് ചെയ്തതാണന്നും വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇത്തരത്തിൽ കണക്കുകൾ വനം വകുപ്പിന്റെ പക്കലുള്ളപ്പോഴാണ് കണക്കുകൾ കൈവശമില്ലന്ന് വിചിത്രവാദവുമായി എത്തിയിരിക്കുന്നത്.