വയനാട്ടില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച ആറംഗ സംഘത്തെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതികളെ വൈത്തിരി ജയിലിലേക്ക് മാറ്റി. ഹോസ്റ്റലില്‍ താമസിച്ചുപഠിച്ചിരുന്ന ഏഴ് പെണ്‍കുട്ടിളെ വ്യാപാരിയടക്കം ആറു പേര് മാസങ്ങളോളമാണ് മാറിമാറി പീഡിപ്പിച്ചത്. കൗണ്‍സലിംഗിനു വിധേയരാക്കി ശാസ്ത്രീയമായി ചോദ്യംചെയ്തപ്പോള്‍ കുട്ടികള്‍ പോലീസിനോട് വെളിപ്പെടുത്തിയതാണ് ഈ വിവരം. വിദ്യാര്‍ഥിനികള്‍ ക്രിമിനല്‍ നടപടിക്രമത്തിലെ സെക്ഷന്‍ 164 പ്രകാരം സുല്‍ത്താന്‍ ബത്തേരിയില്‍ വനിതാ മജിസ്ട്രേറ്റിനും മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം പ്രതികള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചത് മധുരപലഹാരങ്ങള്‍ നല്‍കിയും അശ്ലീല ചിത്രങ്ങള്‍ കാണിച്ചും വശീകരിച്ചാണെന്നും മൊഴിയില്‍ പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞാണ് പെണ്‍കുട്ടികളെ കോടതി മുമ്പാകെ ഹാജരാക്കിയത്.
ഹോസ്റ്റലിനു സമീപം പ്രതികളില്‍ ഒരാളുടെ ഉമസ്ഥതയിലുള്ള ഹോട്ടലിന്റെ പിന്‍വശത്തെ താത്കാലിക ഷെഡില്‍ എത്തിച്ചാണ് കുട്ടികളെ പീഡിപ്പിച്ചുവന്നിരുന്നത്. 2016 ഡിസംബര്‍ മുതല്‍ നിരവധി തവണയാണ് പ്രതികള്‍ കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചത്. എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ നീലച്ചിത്രങ്ങള്‍ കാണിച്ചിരുന്ന പ്രതികള്‍ പീഡനദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടികളെ തുടര്‍ച്ചയായി പീഡിപ്പിച്ചത്. വിദ്യാര്‍ഥിനികള്‍ പഠിക്കുന്ന സ്കൂളിലേക്ക് ഹോസ്റ്റലില്‍നിന്നു ഏകദേശം 500 മീറ്റര്‍ ദൂരമുണ്ട്. സ്കൂളിന്റെ മുന്‍വശത്ത് പ്രധാന കവാടത്തിനു എതിര്‍വശത്താണ് പ്രതികളില്‍ ഒരാളുടെ ഹോട്ടലും പലചരക്ക് കടയും ഉള്‍പ്പെടുന്ന കെട്ടിടം. ഹോസ്റ്റലില്‍നിന്ന് സ്കൂളിലേക്ക് പോകുമ്പോഴും മടങ്ങുമ്പോഴുമാണ് വിദ്യാര്‍ഥിനികളെ കട ഉടമസ്ഥനും മറ്റു പ്രതികളും പ്രലോഭനങ്ങളിലൂടെ വരുതിയിലാക്കിയത്. തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതുള്ളതിനാല്‍ പ്രതികളുടെ പേരുവിവരം ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് ഡിവൈഎസ്പി പറഞ്ഞു. കല്‍പ്പറ്റ സിഐ പി.പി. ജോസഫിനാണ് അന്വേഷണച്ചുമതല.
പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ പി.കെ. ശ്രമീതി എംപിയോട് വെളിപ്പെടുത്തിയത് അതിരുകളില്ലാത്ത ക്രൂരതയുടെ ആഴം വ്യക്തമാക്കുന്നു. ട്യൂഷന് ക്ലാസ് കഴിഞ്ഞ് മിഠായി വാങ്ങാന്‍ കടയില്‍ പോയിരുന്നു. അവര്‍ ഞങ്ങള്‍ക്ക് പലപ്പോഴും പൈസ വാങ്ങാതെ മിഠായി തരാറുണ്ടായിരുന്നു. ഒരു ദിവസം ബ്ലാക്ക് ബ്യൂട്ടി എന്ന് എല്ലാവരും വിളിക്കുന്ന കറുത്ത് തടിയച്ചയാള്‍ എന്നെ ബലംപ്രയോഗിച്ച് കൈപിടിച്ച് വലിച്ചകത്ത് കയറ്റി. പിറകെ എന്റെ കൂട്ടുകാരികളും എത്തി. അയാളുടെ പിന്നാലെ വേറെ നാലുപേര്‍ കൂടി കട മുറിയിലെത്തി. എല്ലാവരും എത്തിയതും അവര്‍ വാതിലടച്ച് കുറ്റിയിട്ടു. പിന്നെ എന്തോ ഒരു ദ്രാവകം നിര്‍ബന്ധിച്ച് കുടിപ്പിച്ച് ഉപദ്രവിച്ചുവെന്നാണ് മൊഴി. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറു പേരെയും കല്‍പ്പറ്റ പോക്സോ കോടതി റിമാന്‍ഡ് ചെയ്തു. ബലാത്സംഗക്കുറ്റത്തിനും കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചും 11 കേസുകളാണ് പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തതെന്ന് കല്‍പ്പറ്റ ഡിവൈഎസ്പി കെ. മുഹമ്മദ് ഷാഫി പറഞ്ഞു.