സുൽത്താൻ ബത്തേരി: വയനാടിനെ പണയപ്പെടുത്തി എൽഡിഎഫ് സർക്കാർ 2000 കോടി രൂപ വായ്പയെടുത്തുവെന്ന് യുഡിഎഫ് ബത്തേരി നിയോജക മണ്ഡലം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതുസംബന്ധിച്ച രേഖകൾ സർക്കാർ പുറത്തുവിടണം. ഇല്ലെങ്കിൽ രേഖ പുറത്തുവിടുമെന്നും ഭാരവാഹികൾ പറഞ്ഞു.
ആഴക്കടൽ വിൽപന പോലെ തന്നയാണ് വയനാടിനെ പണയപ്പെടുത്തിയതും. ലോക ബാങ്കിന്റെ നിബന്ധനകൾ പൂർണമായും അംഗീകരിച്ചാണ് വായ്പയെടുത്തത്.
ഇതിന്റെ ഭാഗമായാണ് വയനാട്ടിലെ പ്രധാന ടൗണുകളെ പോലും ഉൾപ്പെടുത്തിയുള്ള ബഫർസോണ്‍ പ്രഖ്യാപനത്തിനായി സംസ്ഥാന സർക്കാർ ശിപാർശ ചെയ്തിരിക്കുന്നത്.
ബത്തേരി നഗരസഭയിൽ നടപ്പാക്കുന്ന മാസ്റ്റർ പ്ലാനും ലോക ബാങ്കുമായുള്ള കരാറിന്റെ ഭാഗമാണ്.
കിഫ്ബിയുടെ ഭാഗമാക്കി ലോക ബാങ്കിൽ നിന്നും ഗ്രീൻ ബോണ്ട് വഴിയാണ് വായ്പയെടുത്തിരിക്കുന്നത്. ഇതിനായി വയനാടിന്റെ മലയോര പ്രദേശങ്ങളെയാണ് പണയം വെച്ചിരിക്കുന്നത്.
പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവും പ്രദേശത്ത് പരിസ്ഥിതി സംരക്ഷണത്തിനായി ജനങ്ങൾക്കുമേൽ കടുത്ത നിയന്ത്രണവുമാണ് സർക്കാർ ഗ്രീൻ ബോണ്ടിലൂടെ ലോക ബാങ്കിന് ഉറപ്പ് നൽകിയിരിക്കുന്നത്.
മലയോര പ്രദേശങ്ങളിലും വനാതിർത്തികളിലും വ്യവസായങ്ങൾ ആരംഭിക്കുന്നതിനും കെട്ടിടങ്ങൾ നിർമിക്കുന്നതിനും വിലക്കേർപ്പെടുത്തുക, പ്രദേശത്തെ രാത്രികാല സഞ്ചാരം ഗൂഡല്ലൂർ മാതൃകയിൽ തടയുക, കൃഷിയിറക്കുന്നതിന് കടുത്ത വ്യവസ്ഥകൾ ഏർപ്പെടുത്തുക തുടങ്ങിയ നിരവധി നിബന്ധനകൾ കരാറിലുണ്ട്.
ഇങ്ങിനെ നിരോധനങ്ങൾ ഏർപ്പെടുത്തി ഘട്ടം ഘട്ടമായി കുടിയേറ്റ മേഖലയിൽ നിന്നും ആളുകളെ ഒഴിവാക്കാനും പ്രദേശം സ്വാഭാവിക വനമാക്കിമാറ്റാനുമാണ് വിദേശ ശക്തികളുമായി ചേർന്ന് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.
ഗ്രീൻ ബോണ്ട് വ്യവസ്ഥകളിലൊന്നായ കാർബണ്‍ ന്യൂട്രൽ പദ്ധതി വയനാട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചുകഴിഞ്ഞു. ഇത്തവണത്തെ ബജറ്റിലും സർക്കാർ പദ്ധതിക്ക് തുക വകയിരുത്തിയിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിന്റെ പേര് പറഞ്ഞ് നിരോധിച്ച ദേശീയപാതയിലെ രാത്രിയാത്ര പുനസ്ഥാപിക്കുന്നതിന് സർക്കാർ താത്പര്യം എടുക്കാത്തതിലും വയനാട് റെയിൽവേ അട്ടിമറിച്ചതിന് പിന്നിലും ഗ്രീൻബോണ്ടിന്റെ വായ്പ കെണിയുണ്ട്.
തോമസ് ഐസക്കിന്റെ സ്വപ്നമായ കിഫ്ബിയെ പിടിച്ചുനിർത്താൻ പാവപ്പെട്ട കർഷകരുടെ ജീവനും സ്വത്തും പണയം വെച്ചതിന് സർക്കാരും സിപിഎമ്മും മറുപടി പറയണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ഓരോ പദ്ധതികളിലൂടെ പരിസ്ഥിതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വയനാട്ടുകാരെ കുടിയൊഴിപ്പിക്കാനുള്ള സിപിഎമ്മിന്റെ തീരുമാനത്തിന് പിന്നിൽ വിദേശ രാജ്യങ്ങളിലെ കപട പരിസ്ഥിതി സംഘടനകളുമുണ്ട്. ഗ്രീൻ ബോിന്റെ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ ധനവകുപ്പ് തയാറാകണമെന്നും ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തിൽ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ടി. മുഹമ്മദ്, കണ്‍വീനർ കെ.കെ ഏബ്രഹാം, അഡ്വ.സജി, റ്റിജി ചെറുതോട്ടിൽ, എൻ.എം. വിജയൻ, പി.പി. അയൂബ്, ശ്രീനി ജോസഫ്, വി. ഉമ്മർ എന്നിവർ പങ്കെടുത്തു.
യുഡിഎഫ് ആരോപണം പച്ചക്കള്ളം: എൽഡിഎഫ്
സുൽത്താൻ ബത്തേരി: വയനാടിനെ പണയപ്പെടുത്തി കോടികൾ വായ്പയെടുത്തുവെന്ന ആരോപണം പച്ചക്കള്ളമാണെന്ന് എൽഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പരാജയ ഭീതിമൂലമാണിത്. രാഷ്ട്രീയ പാപ്പരത്തമാണിത്. രാത്രിയാത്ര നിരോധനം, റെയിൽവേ, ബഫർസോണ്‍, മാസ്റ്റർ പ്ലാൻ തുടങ്ങിയവ യുപിഎ, യുഡിഎഫ് സർക്കാരുകളുടെ കാലത്തെ ചെയ്തികളാണ്.
ബത്തേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. അയൂബിന്റെ കാലത്താണ് മാസ്റ്റർ പ്ലാൻ തയാറാക്കിയത്. അയൂബ് അതിൽ ഒപ്പിട്ടിട്ടുമുണ്ട്. നിലവിൽ നഗരസഭയിൽ മാസ്റ്റർ പ്ലാൻ ഇല്ലെന്നും നേതാക്കൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ എൽഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ കെ.ജെ ദേവസ്യ, സി.കെ സഹദേവൻ, ബേബി വർഗീസ്, ടി.എസ് ജോർജ് ദിനേശ് കല്ലൂർ എന്നിവർ പങ്കെടുത്തു.