കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിതന്നെ മല്‍സരിക്കണമെന്ന ശക്തമായ നിര്‍ദേശവുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. കേരളത്തില്‍ മല്‍സരിക്കണമെന്ന വികാരം കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ എഐസിസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ പങ്കുവച്ചതായാണ് സൂചന.
കേരളത്തില്‍ ഇരുപത് സീറ്റിലും വിജയിക്കുക എന്ന ലക്ഷ്യത്തിനാണ് പ്രാമുഖ്യം നല്‍കുന്നതെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ അപ്രതീക്ഷിത നീക്കത്തിലൂടെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിച്ചത് വലിയ നേട്ടമാണ് കേരളത്തിലുണ്ടാക്കിയത്. 20ല്‍ 19 സീറ്റും നേടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. ഇതേ സാഹചര്യംതന്നെയാണ് ഇപ്പോഴും കോണ്‍ഗ്രസ് നേതൃത്വം മുന്നില്‍ കാണുന്നത്.
നിലവിലെ സാഹചര്യത്തില്‍ ദേശീയതലത്തില്‍ ഇന്ത്യ മുന്നണി രൂപീകരിക്കുകയും അതിന് സിപിഎം ഉള്‍പ്പെടെയുള്ള വിവിധ പാര്‍ട്ടികളുടെ പിന്തുണ ലഭിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമോ എന്ന ചോദ്യം ശക്തമായി ഉയര്‍ന്നത്. രാഹുല്‍ വയനാട്ടില്‍ മല്‍സരിച്ചാല്‍ ക്ഷീണമാകുക സിപിഎം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ഇതരപാര്ട്ടികള്ക്കാണ്. സിപിഎമ്മിന് ദേശീയതലത്തില്‍ ആകെ പ്രതീക്ഷയുള്ള സംസ്ഥാനം കേരളം മാത്രമാണ്.
കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും നേരിട്ട് പോരടിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ വരവ് സിപിഎമ്മിന് ക്ഷീണമുണ്ടാക്കുമെന്നുറപ്പാണ്. രാഹുല്‍ ഗാന്ധി വയനാട്ടിൽ മല്‍സരിക്കുന്നതിനോട് സിപിഎമ്മിന് ശക്തമായ എതിര്‍പ്പുമുണ്ട്.
എന്നാൽ, എവിടെ മല്‍സരിക്കണം എന്നത് രാഹുല്‍ ഗാന്ധിയുടെ തീരുമാനമാണെന്നും ഇന്ത്യ മുന്നണിയെ ഒരുമിച്ച് നിര്‍ത്താനുതകുന്ന തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നതെന്നുമാണ് ഇതിനോട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ പ്രതികരിച്ചത്. അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെ എതിർക്കില്ലെന്ന നിലപാടാണ് സിപിഐ ദേശീയ നേതൃത്വത്തിനുള്ളത്.