നടി നയന്‍താരയെയും പൊള്ളാച്ചി പീഡനത്തിന് ഇരയായവരെയും അധിക്ഷേപിച്ച് സംസാരിച്ച നടന്‍ രാധാ രവിക്കെതിരേ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്ത്. സംഘടനകളില്‍ സുപ്രീം കോടതി വിധി പ്രകാരമുള്ള ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത്തരം സംഭവങ്ങളിലൂടെ മനസ്സിലാകുന്നതെന്നും ഡ.ബ്ല്യൂ.സി.സി വ്യക്തമാക്കി.
എന്നാല്‍ ഡബ്ലുസിസിയുടെ കുറിപ്പിനെ വിമര്‍ശിച്ചുകൊണ്ടാണ് പലരും രംഗത്തെത്തിയിരിക്കുന്നത്. നയന്‍താര വിഷയം കെട്ടടങ്ങിയപ്പോഴാണോ പിന്തുണ പ്രഖ്യാപിച്ച് എത്തുന്നത്, തിരുവല്ലയില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയപ്പോള്‍ നിങ്ങള്‍ക്ക് ഒന്നും പറയാനില്ലായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് ആളുകള്‍ ചോദിക്കുന്നത്.
ഡ.ബ്ല്യൂ.സി.സിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
തമിഴ് സിനിമയിലെ മുതിര്‍ന്ന നടനായ രാധ രവി ഈയിടെ നടത്തിയ വ്യക്തിഹത്യ, നമ്മുടെ സിനിമ ലോകത്ത് നില്‍ക്കുന്ന വേരുറച്ച പുരുഷാധിപത്യത്തിന്റെ നേര്‍ക്കാഴ്ചയാണ്. ആര്‍ക്ക് നേരെയും ഏതു തരത്തിലുമുള്ള സ്വഭാവഹത്യയും തികച്ചും നിന്ദ്യവും ഒരിക്കലും അനുവദിക്കാന്‍ ആവാത്തതുമാണ്. ഞങ്ങളുടെ സഹപ്രവര്‍ത്തക തന്റെ ഔദ്യോഗിക മറുപടിയില്‍ വ്യക്തമായി ആവശ്യപ്പെട്ടിരിക്കുന്നത് സംഘടനകളില്‍ സുപ്രീം കോടതി വിധി പ്രകാരമുള്ള ഇന്റെര്‍ണല്‍കംപ്ലയിന്റ് കമ്മിറ്റി സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയാണ്.
രാജ്യം അനുശാസിക്കുന്ന നിയമങ്ങള്‍ ഒരുവിധം എല്ലാ മേഖലകളിലും പാലിക്കപ്പെടുമ്പോളും സിനിമ മേഖലയില്‍ ഈ ഭേദഗതി നിലവില്‍ വരാത്തത് അത്യധികം ആശങ്കയുളവാക്കുന്ന ഒരു വസ്തുതയാണ്. തന്റെ പ്രവര്‍ത്തന മേഖലയില്‍ സ്തുത്യര്‍ഹമായ വിജയവും അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള ഒരു കലാകാരിക്ക്, തന്റെ സംഘടനയോട് ഇങ്ങനെ ഒരു ചോദ്യം ചോദിക്കേണ്ട സ്ഥിതിവിശേഷം ആണിന്ന് നിലവില്‍ ഉള്ളത്. കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിറ്റ് പെറ്റീഷനില്‍ മലയാള സിനിമയിലെ സംഘടനകളോടും ആവശ്യപ്പെട്ടതും ഇത് തന്നെ ആണ്.
നടികര്‍ സംഘം നയന്‍താരക്ക് പിന്തുണ പ്രഖ്യാപിക്കുകയും, രാധ രവിയുടെ പ്രസംഗത്തെ അപലപിക്കുകയും ചെയ്തത് കൂടാതെ, ഭാവിയില്‍ ഇത് പോലെയുള്ള അഭിപ്രായപ്രകടങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ശക്തമായ ഭാഷയില്‍ താക്കീതും നല്‍കിയിട്ടുണ്ട്. തങ്ങളുടെ ആശങ്കകള്‍ക്ക് പരിഗണ നല്‍കാത്ത, ക്യാമറക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്ന അറിയപ്പെടാത്ത അനവധി മുഖങ്ങള്‍ തങ്ങളുടെ പ്രശ്നങ്ങളും പരാതികളും എവിടെ ബോധിപ്പിക്കുമെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. നിശബ്ദത വെടിഞ്ഞു ചോദ്യങ്ങള്‍ ചോദിക്കാന്‍ മുന്നോട്ട് വന്ന നയന്‍താരക്കൊപ്പം!
അവള്‍ക്കൊപ്പം