കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രമുഖർ മൊഴിമാറ്റിയതോടെ മലയാള സിനമയിലെ വനിതാ കൂട്ടായ്മയായ വുമൺ ഇൻ സിനിമ കളക്ടീവ് പ്രതിഷേധവുമായി രംഗത്ത്. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗിലാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.
മാർട്ടിൻ ലൂഥർ കിംഗിന്റെ പ്രശസ്തമായ ക്വാട്ടാണ് ഇന്നലെ വുമൺ ഇൻ സിനിമ കളക്ടീവ് അവരുടെ ഫേസ്ബുക്ക് പേജിൽ നൽകിയത്. ഇതുകൂടാതെ ഡബ്ല്യുസിസി അംഗങ്ങളായ രേവതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന് തുടങ്ങിയവര്‍ തങ്ങളുടെ പ്രതിഷേധം ഫേസ് ബുക്കിലൂടെ അറിയിച്ചിരുന്നു. നടന് ഹരീഷ് പേരടിയും പ്രതികരണവുമായി രംഗത്തെത്തി.
കേസിൽ കൂറുമാറിയ നടി ഭാമയ്ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് രേവതി ഉന്നയിച്ചത്. സിദ്ദിഖ് മൊഴി മാറ്റിയത് മനസിലാക്കാമെന്നും എന്നാല്‍ ഭാമയുടെ ഭാഗത്തുനിന്ന് അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും രേവതി ഫേസ്ബുക്കില്‍ കുറിച്ചു.
സിനിമ രംഗത്തുള്ള സഹപ്രവര്‍ത്തകരെപ്പോലും വിശ്വാസിക്കാനാകില്ല എന്നത് അത്യന്തം സങ്കടകരമാണ്. ഇത്രയേറെ സിനിമകളില്‍ വര്‍ഷങ്ങളായി കൂടെ പ്രവര്‍ത്തിച്ചും ഒത്തിരി നല്ല സമയങ്ങള്‍ പങ്കുവച്ചിട്ടും കൂടെയുള്ള ഒരു സ്ത്രീയുടെ വിഷയം വന്നപ്പോള്‍ അതെല്ലാം മറന്നു പോയിരിക്കുകയാണ് ചിലരെന്നും രേവതി ഫേസ്ബുക്കില്‍ പറഞ്ഞു.
ശക്തമായ വിമര്‍ശനമാണ് നടി റിമ കല്ലിങ്കലും ഉയര്‍ത്തിയത്. കൂറുമാറിയവരെ പേരെടുത്ത് വിമര്‍ശിച്ചായിരുന്നു റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ള അവസാന സമയത്ത് ചില സഹപ്രവര്‍ത്തകര്‍ അവള്‍ക്കെതിരെ തിരിഞ്ഞത് കടുത്ത ദുഃഖമുണ്ടാക്കുന്നതാണ്.
നാലു പേര് അവരുടെ മൊഴി മാറ്റിപ്പറഞ്ഞെന്നാണ് കേള്‍ക്കുന്നത്. കേട്ടത് സത്യമാണെങ്കില്‍ എന്തൊരു നാണക്കേടാണിതെന്നും റിമ കുറിച്ചു. കേസില്‍ കോടതിയില്‍ മൊഴിമാറ്റിപ്പറഞ്ഞ അമ്മയിലെ അംഗങ്ങള്‍ സംഘടനയില്‍നിന്നും രാജിവച്ച് പോകണമെന്നാണ് ഹരീഷ് പേരടി പ്രതികരിച്ചത്.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടന് തെറ്റുകാരനല്ലെന്ന് പൂര്‍ണബോധ്യമുണ്ടെങ്കില്‍ അയാളെ സംഘടനയിലേക്ക് തിരിച്ചെടുക്കയാണ് വേണ്ടതെന്നും അദേഹം പറഞ്ഞു.