കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് മേധാവിയുടെ മാറ്റത്തില്‍ ആശങ്ക അറിയിച്ച് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് കുറിപ്പ്.
അന്വേഷണത്തിലെ എല്ലാ പ്രതീക്ഷകളും അട്ടിമറിക്കുന്നതാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ സ്ഥാനചലനമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം അവസാനഘട്ടത്തില്‍ എത്തി നില്ക്കവേ ഉണ്ടായ ഈ മാറ്റത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടിനല്‍കപ്പെട്ട അവസ്ഥയില്‍ നിന്ന് അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പോലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകമാണ്.
വഴിതെറ്റിയെന്നും നീതി അസാധ്യമെന്നും തോന്നിച്ചിടത്തുനിന്നുമാണ് പുതിയ വഴിത്തിരിവുകള്‍ വഴി തെളിവുകളുടെ ഒരു പരമ്പര തന്നെ പുറത്തെത്തിയത്.
കേസ് അട്ടിമറിക്കാന്‍ പ്രതിഭാഗം അഭിഭാഷകരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമായിരുന്നു ഈ തെളിവുകള്‍.
അന്വേഷണം അങ്ങോട്ടേക്കു നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരേ പ്രതിഭാഗം വക്കീലന്മാര് പരാതിയുമായി സര്‍ക്കാരിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും.
ഇത് എല്ലാ നിലയ്ക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു, സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും ഡബ്ല്യുസിസി കുറിപ്പില്‍ വ്യക്തമാക്കുന്നു.