യുവനടിയെ തട്ടിക്കൊണ്ടുപോയി ചിത്രങ്ങള്‍ പകര്‍ത്തുകയും അപമാനിക്കുകയും ചെയ്ത കേസില്‍ വിചാരണ ഇന്ന് തുടങ്ങും. മലയാള ചലച്ചിത്ര മേഖലയെ ആകമാനം പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അത്. സംഭവത്തെ തുടര്‍ന്ന് സിനിമാ മേഖല രണ്ട് തട്ടിലായി എന്നുപോലും വാര്‍ത്തയുണ്ടായിരുന്നു. കേസില്‍ നിര്‍ണ്ണായകമാവുന്ന വിചാരണ ഇന്ന് തുടങ്ങാനിരിക്കെ, ആക്രമണത്തിന് ഇരയായ നടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളേയും കടന്നു പോയ വേദനകളെയും കുറിച്ച് തുറന്നു പറയാനും പരാതി നല്‍കാനും തയ്യാറായ ഞങ്ങളുടെ സഹപ്രവര്‍ത്തക നീതി തേടി ഇന്ന് വിചാരണ കോടതിയുടെ മുന്നിലെത്തുകയാണ് .ആരാണ് പ്രതിയെന്നും അവര്‍ക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയും നമ്മുടെ നിയമ വ്യവസ്ഥയുമാണ്. എന്തു തീരുമാനവും നീതി പൂര്‍വ്വകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നീതി കിട്ടുമെന്നും പ്രത്യാശിച്ചു കൊണ്ട്, അവള്‍ക്കൊപ്പം..