കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് സമഗ്ര നിയമനിര്‍മാണം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി പി. രാജീവ്.
കൊച്ചിയില്‍ ഡബ്ല്യുസിസി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശ സംസബന്ധിച്ച് സാംസ്കാരിക വകുപ്പ് ഒരു ധാരണയിലെത്തിയിട്ടുണ്ട്.
സിനിമാ മേഖലയില്‍ സമഗ്ര നിയമ നിര്‍മാണമെന്ന ആവശ്യം ഡബ്ല്യുസിസി അംഗങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചതായും മന്ത്രി പറഞ്ഞു.
സിനിമാ മേഖലയില്‍ നിയമസാധുതയുള്ള ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി നിലവില്‍ വരണമെന്നതുള്പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് അംഗങ്ങള്‍ മന്ത്രിക്ക് നിവേദനം കൈമാറി.
ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്തുവിടേണ്ടതില്ലെന്നും കണ്ടെത്തലുകളും നിര്‍ദേശങ്ങളും മാത്രം പുറത്തുവിട്ടാല്‍ മതിയെന്നും ഡബ്ല്യുസിസി അംഗങ്ങള്‍ വ്യക്തമാക്കി.
റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പരാതിക്കാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുമെന്നതിനാലാണ് ഇതെന്നും അംഗങ്ങള്‍ പറഞ്ഞു.