കൊച്ചി: ഹേമ കമ്മിറ്റി നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ മലയാള സിനിമയില്‍ പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിച്ച് വനിതാതാരങ്ങളുടെ കൂട്ടായ്മയായ “വിമന്‍ ഇന്‍ സിനിമ കലക്ടീവ്’ (ഡബ്ല്യുസിസി). ലൈംഗികപീഡനം പാടില്ലെന്നും ലഹരിപദാര്‍ഥങ്ങള്‍ക്ക് അടിമപ്പെട്ട് തൊഴിലില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നുമുള്ള നിര്‍ദേശങ്ങളുമായി ഡബ്ല്യുസിസി സിനിമാപെരുമാറ്റച്ചട്ടത്തിന്റെ ആദ്യഭാഗം പുറത്തിറക്കി.
മലയാള സിനിമയിലെ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യമായ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍വേണം തുല്യതയും നീതിയും സര്‍ഗാത്മകതയുമുള്ള തൊഴിലിടം ഉണ്ടാക്കാനെന്നു പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു.തൊഴിലിടത്തില്‍ ആര്‍ക്കെതിരേയും ഭീഷണി, തെറിവാക്കുകള്‍, ബലപ്രയോഗം അക്രമം, അപ്രഖ്യാപിതവിലക്ക് എന്നിവയുണ്ടാകരുത്.
ഏജന്റുമാര്‍ കമ്മീഷന് കൈപ്പറ്റരുത്. ലിംഗവിവേചനവും പക്ഷപാതവും വര്‍ഗ, ജാതി, മത, വംശവിവേചനവും പാടില്ല. ‘സീറോ ടോളറന്‍സ് പോളിസി’ എന്ന തലക്കെട്ടില്‍ സാമൂഹികമാധ്യമത്തില്‍ പങ്കുവച്ച നിര്‍ദേശങ്ങളില്‍ പറയുന്നു. ഇവയുടെ ലംഘനമുണ്ടായാല്‍ പരാതിപ്പെടാന്‍ ഔദ്യോഗിക പരിഹാരസമിതിവേണം. പരിഹാരത്തിന്റെ പക്ഷത്തുനിന്ന് പ്രശ്നങ്ങളെ അഭിമുഖീകരിക്കാമെന്നാണ് കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജിലൂടെയുള്ള പ്രഖ്യാപനത്തില്‍ പറയുന്നത്.
പെരുമാറ്റച്ചട്ടം ആവിഷ്കരിക്കുന്നതിനു പ്രതിദിനം ഒരു നിര്‍ദേശം ഉള്‍ക്കൊള്ളുന്ന പരമ്പരയാണു ഡബ്ല്യുസിസി ലക്ഷ്യമിടുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണെന്ന് കഴിഞ്ഞദിവസം ഡബ്ല്യുസിസി അറിയിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുണ്ടാക്കിയ ചലനങ്ങളാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണം. വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് സൈബര്‍ ആക്രമണമെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.2017 ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കെതിരേ രൂപീകരിക്കപ്പെട്ട സംഘടനയാണ് ഡബ്ല്യുസിസി.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഡബ്ല്യുസിസി ഇടപെടലിനെത്തുടര്‍ന്നാണു സിനിമയ്ക്കുള്ളിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ ഹേമ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിക്കുന്നത്. ലൈംഗികചൂഷണമുള്‍പ്പെടെ തൊഴിലിടത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ അന്വേഷണമാവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടതിന്റെ പിന്നാലെയായിരുന്നു സര്‍ക്കാര്‍ നടപടി.