രാമലീല കാണുന്നതില്‍ തെറ്റില്ലെന്ന് മഞ്ജു വാര്യര്‍! റിലീസ് ദിനം പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് വനിതാ സംഘടനയിലെ മറ്റംഗങ്ങള്‍; വിമന്‍ ഇന്‍ സിനിമ കളക്ടീവില്‍ അഭിപ്രായ ഭിന്നതയെന്ന് റിപ്പോര്‍ട്ടുകള്‍

മലയാള സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പരാതികളും പ്രശ്‌നങ്ങളും പഠിക്കാനും ചര്‍ച്ചചെയ്യാനുമായി രൂപം നല്‍കിയ സംഘടനയാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് അഥവാ ഡബ്ലുസിസി. നടിമാരായ മഞ്ജു വാര്യര്‍, റീമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, സംവിധായിക വിധു വിന്‍സെന്റ് തുടങ്ങിയവരാണ് സംഘടനയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നത്. തുടങ്ങിയപ്പോഴത്തേതുപോല തന്നെ ഇപ്പോഴും നല്ലരീതിയില്‍ തന്നെയാണ് സംഘടന പ്രവര്‍ത്തിച്ചുപോരുന്നതെന്ന് അവകാശപ്പെടുമ്പോഴും ഡബ്ലുസിസിയില്‍ അഭിപ്രായഭിന്നതകള്‍ രൂക്ഷമാണെന്നാണ് പുറത്തുനിന്ന് നോക്കുമ്പോള്‍ മനസിലാക്കാന്‍ കഴിയുന്നതെന്ന് പ്രമുഖരടക്കമുള്ളവര്‍ അഭിപ്രായപ്പെട്ട് കഴിഞ്ഞു.

രാമലീല എന്ന ദിലീപ് ചിത്രത്തിനെതിരെ വനിതാകൂട്ടായ്മ എടുത്ത നിലപാടിനെതിരെ സംഘടനയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന മഞ്ജു വാര്യര്‍ നടത്തിയ അഭിപ്രായപ്രകടനം, മറ്റംഗങ്ങളെ ചൊടിപ്പിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു മുന്നില്‍ നിന്ന് നയിച്ചത് കൊണ്ട് മാത്രം ഒന്നും നോക്കാതെ കൂടെ നിന്നവരാണ് ഈ വനിതാ താരങ്ങള്‍. എന്നാല്‍ ഏകപക്ഷീയമായി മഞ്ജു ദിലീപെന്ന താരത്തിന് അനുകൂലമായ നിലപാടുമായി രംഗത്തെത്തിയത് കൂടെ നിന്ന മറ്റ് താരങ്ങളെ അപമാനിച്ചതിന് തുല്യമായാണ് അവര്‍ കാണുന്നതെന്നാണ് സൂചന.

മഞ്ജുവിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണ് അന്വേഷണം ശക്തമായതും ദിലീപ് കുടുങ്ങുന്നതും. ഇപ്രകാരം ആക്രമിക്കപ്പെട്ട നടിയുടെ പക്ഷത്തുനില്‍ക്കുന്ന മുഴുവന്‍ ജനങ്ങളുടെയും സപ്പോര്‍ട്ട് തനിക്കൊപ്പമായിരിക്കുമ്പോഴാണ് മഞ്ജു ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. സിനിമ റിലീസ് ചെയ്യുന്ന ദിവസമായ സെപ്റ്റംബര്‍ 28ാം തിയതി കൊച്ചിയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വനിത കൂട്ടായ്മ പറഞ്ഞതിന് പിന്നാലെയാണ് മഞ്ജുവിന്റെ പ്രതികരണം വന്നത് എന്നതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. മഞ്ജു പിന്മാറിയാലും രാമലീല ബഹിഷ്‌കരിക്കുക എന്ന തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ തന്നെയാണ് വനിതാ സംഘടനയുടെ തീരുമാനം എന്നാണറിയുന്നത്.

വ്യക്തിപരമായ വിയോജിപ്പുകളുടെ പേരില്‍ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ശരിയല്ലെന്നായിരുന്നു രാമലീലയെ പിന്തുണച്ചുകൊണ്ട് മഞ്ജു നടത്തിയ പ്രസ്താവന. രാമലീലയോട് മുഖംതിരിച്ചു നിന്നാല്‍ താന്‍ സിനിമാ മേഖലയില്‍ ഒറ്റപ്പെടുമെന്ന തിരിച്ചറിവാണ് മഞ്ജു രാമലീല അനുകൂല നിലപാട് സ്വീകരിക്കാന്‍ കാരണമെന്നും പ്രചരിക്കുന്നുണ്ട്. വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ഇപ്പോള്‍ സ്വീകരിക്കുന്ന പല നിലപാടുകളോടും മഞ്ജുവിന് യോജിപ്പില്ലെന്നും പറയപ്പെടുന്നു.

 

Related posts