ഡബ്ല്യുസിസിയെ അഭിനന്ദിച്ച് തെന്നിന്ത്യന്‍ താരം സമാന്ത റൂത്ത് പ്രഭു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നശേഷം മലയാള ചലച്ചിത്രമേഖലയിലുണ്ടായ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിലാണ് സാമന്തയുടെ പ്രതികരണം.
സുരക്ഷിതവും ആദരവു ലഭിക്കുന്നതുമായ ഒരു തൊഴിലിടം എന്നത് ഏറ്റവും അടിസ്ഥാനപരമായ കാര്യമാണെന്ന് സമാന്ത കുറിച്ചു. അതിനായി ഡബ്ല്യുസിസി എടുത്ത പരിശ്രമങ്ങള്‍ വൃഥാവിലായില്ലെന്നും അവരുടെ പ്രവര്‍ത്തനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും സമാന്ത പ്രതികരിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ കേരളത്തിലെ ഡബ്ല്യുസിസിയുടെ അതിഗംഭീര പ്രവര്‍ത്തനങ്ങള്‍ പിന്തുടരുന്നുണ്ട്. അത്ര എളുപ്പായിരുന്നില്ല അവരുടെ യാത്ര. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വെളിച്ചത്തു വരുന്നത് കാണുമ്പോള്‍ ഡബ്ല്യുസിസിയോട് നന്ദിയോടെ കടപ്പെട്ടിരിക്കുന്നു.
സൃരക്ഷിതവും ആദരവു ലഭിക്കുന്നതുമായ ഒരു തൊഴിലിടം എന്നത് അടിസ്ഥാനപരമായി ആര്‍ക്കും ലഭിക്കേണ്ടതാണ്. പക്ഷേ അതിനുപോലും വലിയ സംഘര്‍ഷങ്ങള്‍ വേണ്ടിവരുന്നു. എന്തായാലും അവരുടെ പരിശ്രമങ്ങള്‍ വൃഥാവിലായില്ല. അനിവാര്യമായ മാറ്റത്തിന്റെ തുടക്കമാകട്ടെ ഇതെന്നു പ്രതീക്ഷിക്കുന്നു.
ഡബ്ല്യുസിസിയിലെ എന്റെ കൂട്ടുകാര്‍ക്കും സഹോദരിമാര്‍ക്കും സ്നേഹം ആദരം. നമുക്കു മുന്‍പെ കടന്നുപോയ സ്ത്രീകള്‍ നേരിട്ട ത്യാഗത്തിന്റെയും കഷ്ടപ്പാടുകളുടെയും ഫലമാണ് നാമെല്ലാം ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത് എന്നായിരുന്നു ഡബ്ല്യുസിസിയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് സമാന്ത കുറിച്ചത്. എല്ലാവര്ക്കും ആത്മാഭിമാനത്തോടെ ഇരിക്കാന്‍ കഴിയട്ടെയെന്നും സമാന്ത ആശംസിച്ചു.