അമ്മയ്ക്കും ചില നടന്മാര്ക്കുമെതിരേ രൂക്ഷവിമര്‍ശനവുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ് കൂട്ടായ്മ. കൊച്ചി പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അമ്മയ്ക്കും അതിന്റെ അധ്യക്ഷന്‍ മോഹന്‍ലാലിനും മറ്റു അഭിനേതാക്കള്‍ക്കുമെതിരേ കടുത്ത ആക്രമണത്തിനാണ് നടിമാര്‍ തുനിഞ്ഞത്. നടന്മാരായ ഇടവേള ബാബുവും ബാബുരാജും തങ്ങളെയും അതിക്രമത്തിന് ഇരയായ നടിയെയും അപമാനിച്ചെന്നും അവര്‍ പറഞ്ഞു. ദിലീപിനെ സംരക്ഷിക്കുന്ന നിലപാടുള്ള അമ്മയില്‍ തുടരാനാകില്ലെന്നും രേവതി, പാര്‍വതി, പത്മപ്രിയ, അഞ്ജലിമേനോന്, ബീനപോള്‍ എന്നിവര്‍ വ്യക്തമാക്കി.
അമ്മയില്‍ ഇനി നിശബ്ദരമായി ഇരുന്നിട്ട് കാര്യമില്ലെന്ന് ബോധ്യപ്പെട്ടാണ് തങ്ങള്‍ പരസ്യമായി രംഗത്തുവരുന്നതെന്ന് നടിമാര്‍ വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിക്ക് താരസംഘടനയില്‍ നിന്നും ഒരുതരത്തിലുള്ള നീതിയും ലഭിച്ചില്ല. ആക്രമിക്കപ്പെട്ട നടി സംഘടനയ്ക്ക് പുറത്തും കുറ്റാരോപിതനായ ദിലീപ് എന്ന നടന് അകത്തുമെന്നതാണ് നിലവിലത്തെ സ്ഥിതി. സംഭവം നടന്ന് 15 മാസം കഴിഞ്ഞിട്ടും ആരും കൂടി നിന്നില്ലെന്നും എല്ലാവരും ഒപ്പമുണ്ടെന്ന് വെറുതെ പറയുകയാണെന്നും നടിമാര്‍ ആരോപിച്ചു.
അമ്മയുടെ ജനറല്‍ സെക്രട്ടറി മോഹന്‍ലാലിനെതിരേ രൂക്ഷ വിമര്‍ശനമാണ് നടി രേവതി ഉന്നയിച്ചത്. മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദിലീപിനെതിരേ നടപടി ആവശ്യപ്പെട്ട തങ്ങളെ അപമാനിച്ചുവെന്ന് രേവതി കുറ്റപ്പെടുത്തി. പരാതിക്കാരായ നടിമാര്‍ എന്നാണ് വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ തങ്ങളെ വിശേഷിപ്പിച്ചത്. വര്‍ഷങ്ങളായി അഭിനയ മേഖലയിലുള്ള തങ്ങളുടെ പേര് പറയാന്‍ പോലുമുള്ള മാന്യത അമ്മയുടെ ജനറല്‍ സെക്രട്ടറി കാണിച്ചില്ലെന്നും രേവതി പറഞ്ഞു.