കൊച്ചി: താരസംഘടനയായ അമ്മയ്ക്കെതിരേ വീണ്ടും വിമർശനവുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി രംഗത്ത്. അമ്മയിൽ അംഗമല്ലാത്ത അഭിനേത്രികൾ എന്തുകൊണ്ട് അമ്മയിൽ നിന്ന് അംഗത്വമെടുക്കാതെ മാറി നിൽക്കുവാൻ ആഗ്രഹിച്ചു എന്നതിന്‍റെ കാരണങ്ങൾ നിരത്തിയാണ് ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
തുല്യവേതനം എന്നൊരു സങ്കൽപ്പം പോലും ഇല്ലാത്ത അമ്മയിൽ ഒരു ലക്ഷം രൂപയോളം മെന്പർഷിപ്പ് ഫീസ് ചുമത്തുന്നത് ജനാധിപത്യപരമല്ല. തൊഴിലിടത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട് അമ്മയെടുക്കുന്ന തീരുമാനങ്ങൾ പൂർണമായി വിശ്വസിക്കാൻ സാധ്യമല്ലെന്നും ഡബ്ല്യുസിസി പറയുന്നു.
കെട്ടിക്കാഴ്ച്ചകൾക്കല്ലാതെ, സംഘടനാപരമായ ചുമതലകളിൽ തീരുമാനങ്ങൾ എടുക്കുന്നതിലൊന്നും തന്നെ സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്താൻ അമ്മ ശ്രമിച്ചിട്ടില്ല. ഇത്തരത്തിൽ മനുഷ്യവിരുദ്ധമായി നിലകൊള്ളുന്ന ഒരു സംഘടനയുടെ ഭാഗമാകാനില്ല എന്നുറച്ചു പ്രഖ്യാപിക്കുന്നതായും 14 വനിതാ താരങ്ങൾ വ്യക്തമാക്കുന്നു.