അമ്മ കരടിക്കൊപ്പം മഞ്ഞു മലയുടെ മുകളിൽ കയറാൻ കരടി കുഞ്ഞ് നടത്തുന്ന പരിശ്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയുടെ കൈയടി നേടുന്നു. കനേഡിയൻ ടെലിവിഷൻ ജീവനക്കാരിയായ സിയാ തോംഗാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
അമ്മ കരടിയും കുഞ്ഞും മഞ്ഞു മലയുടെ മുകളിലെത്തുവാൻ നടക്കുന്നതാണ് വീഡിയോയിലാദ്യം കാണുന്നത്. എന്നാൽ അമ്മ കരടി മലയുടെ മുകളിൽ എത്തിയെങ്കിലും കരടി കുഞ്ഞ് മഞ്ഞിൽ തെന്നി താഴേക്കു വീണുപോകുകയായിരുന്നു.
ഓരോ പ്രാവശ്യം മലയുടെ മുകളിൽ കയറുവാൻ ശ്രമിക്കുമ്പോഴും കുട്ടി കരടി തെന്നി താഴേക്കു വീണുകൊണ്ടിരുന്നു. എന്നാൽ തന്റെ ശ്രമമുപേക്ഷിക്കാൻ കരടി കുഞ്ഞ് തയാറായില്ല. നിരവധി ശ്രമങ്ങൾക്ക് അവസാനം കുട്ടി കരടി അമ്മയുടെ അടുക്കലെത്തുകയും ചെയ്തു.
എത്ര പ്രാവശ്യം പരാജയപ്പെട്ടാലും വിജയത്തിലെത്തിച്ചേരുന്നതു വരെ പരിശ്രമം ഉപേക്ഷിക്കരുതെന്ന വലിയ സന്ദേശമാണ് ഈ കരടി കുട്ടി എല്ലാവർക്കും നൽകുന്നത്.