കൊല്ലം: കാലാവസ്ഥാ പ്രവചനം കൂടുതൽ കൃത്യതയാർന്നതാക്കാൻ ഇത് സംബന്ധിച്ച് വിമാനങ്ങളിൽ നിന്നുള്ള ഡാറ്റ ശേഖരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡിംഗ് നടത്തുമ്പോഴും ശേഖരിക്കുന്ന വിവരങ്ങൾ ഐഎംഡിയുമായി (ഇന്ത്യൻ മറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെൻ്റ് ) പങ്കിടണമെന്ന കർശന വ്യവസ്ഥ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം.
ഇക്കാര്യത്തിൽ ആഭ്യന്തര വിമാന കമ്പനികളെ നിർബന്ധിക്കാൻ തന്നെയാണ് പദ്ധതി. ഇത് പ്രവചന കൃത്യത ഗണ്യമായി മെച്ചപ്പെടുത്തും. സർക്കാർ നീക്കത്തിന്റെ ഭാഗമായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയവും സിവിൽ ഏവിയേഷൻ മന്ത്രാലയവും തമ്മിൽ പ്രാഥമിക ചർച്ചകൾ നടന്നു കഴിഞ്ഞു. കാലാവസ്ഥാ വിവരങ്ങൾ നൽകുന്നത് ആഭ്യന്തര വിമാന കമ്പനികൾക്ക് ഒരു വർഷത്തിനുള്ളിൽ നിർബന്ധമാക്കാൻ തന്നെയാണ് തീരുമാനം.
എയർലൈൻ പ്രവർത്തനങ്ങൾക്ക് മാത്രമല്ല എല്ലായിടത്തും കാലാവസ്ഥാ പ്രവചനങ്ങൾക്കും ഇത് പ്രയോജനപ്പെടുത്തണം എന്നാണ് സർക്കാർ നിലപാട്.പ്രവചനങ്ങൾ പ്രധാനമായും ശേഖരിച്ച നിരീക്ഷണങ്ങളെ ആശ്രയിച്ചിരിക്കുമെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ വിലയിരുത്തൽ. കൂടുതൽ നിരീക്ഷണങ്ങൾ വന്നാൽ പ്രവചനങ്ങൾ മികച്ചതാക്കാൻ സാധിക്കും. ഡാറ്റകൾ കൂടുതൽ സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുമ്പോൾ സാധ്യതകൾ കൂടുതൽ വ്യക്തമാക്കാനും കഴിയും.
താപനില സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കു കയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. വിമാനങ്ങളിൽ നിന്നുള്ള ലംബമായ കാലാവസ്ഥാ നിരീക്ഷണങ്ങൾ ഏറെ പ്രധാനമാണ്. കാരണം അവ ഉപരിതലത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തതയോടെ നൽകുമെന്ന് മാത്രമല്ല അന്തരീക്ഷത്തിന്റെ സമ്പൂർണ ചിത്രവും നൽകും.
കൊടുങ്കാറ്റ് പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ അന്തരീക്ഷത്തിൽ രൂപപ്പെടുകയും പരിണമിക്കുകയും ചെയ്യുന്നതിന് മുമ്പ് നിർണായക വിവരങ്ങൾ വിമാനങ്ങളിൽ നിന്നുള്ള ഡാറ്റകൾക്ക് കൈമാറാൻ കഴിയും. കാലാവസ്ഥാ വകുപ്പ് വിവിധ സ്റ്റേഷനുകളിൽ നിന്ന് അന്തരീക്ഷത്തിൽ ബലൂണുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ നിന്ന് ലഭിക്കുന്ന പരിമിതമായ വിവരങ്ങളിൽ നിന്ന് വ്യത്യസ്ഥതമായി ആയിരക്കണക്കിന് വിമാനങ്ങൾക്ക് കൂടുതൽ ഡാറ്റ കൾ നൽകാൻ കഴിയും.
അന്താരാഷ്ട്ര റൂട്ടുകളിൽ സർവീസ് നടത്തുന്ന എല്ലാ വിമാനങ്ങളും കാലാവസ്ഥാ വിവരങ്ങൾ കൈമാറണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. പല രാജ്യങ്ങളും ഇത് കൃത്യമായി പിന്തുടരുന്നുമുണ്ട്. എന്നാൽ ഇന്ത്യയിലെ ആഭ്യന്തര വിമാനങ്ങളിൽ ഈ നിയമം നിർബന്ധമാക്കിയിട്ടില്ല. ഇതിന് അടിയന്തിരമായി മാറ്റം വരുത്താനാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്.
ഇന്ത്യയിൽ എയർ കണക്ടിവിറ്റി വളരെയധികം വർധിച്ച് വരികയാണ്. ഓരോ സംസ്ഥാനത്തു. നിരവധി വിമാനത്താവളങ്ങളുമുണ്ട്.അതുകൊണ്ടാണ് എല്ലാ ആഭ്യന്തര എയർലൈനുകളും കാലാവസ്ഥാ ഡേറ്റ കൈമാറമെന്ന് നിഷ്കർഷിക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുള്ളത്.
- എസ്.ആർ. സുധീർ കുമാർ