സ്വന്തം ലേഖകൻ
കോഴിക്കോട്: ഒരേസമയം കനത്തചൂടും മഴയും ലഭിക്കുന്നത് ഭൂമിയിലെ ജീവജാലങ്ങളുടെ ആയുസിനെ ബാധിക്കുമെന്ന് പഠനം.
കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന മാറ്റങ്ങൾ സംസ്ഥാനത്തെ എല്ലാ ഘടകങ്ങളേയും ബാധിക്കുമെന്ന് കോട്ടയം ആസ്ഥാനമായുള്ള കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം വ്യക്തമാക്കുന്നു. ഉൗർജ്ജം,ആരോഗ്യം,ജലം തുടങ്ങിയ മേഖലകളെ ഇത് പ്രതികൂലമായി ബാധിക്കും.
അഞ്ചു വർഷത്തോളമായി ഈ വ്യതിയാനം പ്രകടമാവാൻ തുടങ്ങിയിട്ട് എന്നാൽ വർഷംകൂടുന്തോറും ഇത് സങ്കീർണ്ണമായിരിക്കുകയാണ്.
ഇത് ഏറെ ആശങ്ക ജനിപ്പിക്കുന്നു. ഒരേ ദിവസം കടുത്ത ചൂടും അതുപോലെ തന്നെ മഴയും ഇപ്പോൾ ലഭിക്കുന്നു.ഇത് മുൻ കാലങ്ങളിൽ ഉണ്ടായിരുന്നില്ല.മഴയുടെ അളവിലല്ല ദൈർഘ്യത്തിലാണ് മാറ്റം സംഭവിച്ചിരിക്കുന്നത്. മഴയുടെ ദൈർഘ്യം കുറഞ്ഞതിനാൽ കുറഞ്ഞ സമയത്തിനുളളിൽ കൂടുതൽ അളവ് വെള്ളം ഭൂമിയിലെത്തുന്നു.ഇത് വെള്ളപ്പൊക്കം പോലുള്ള നാശങ്ങൾക്കു വഴി വെക്കുന്നു.
എന്നാൽ കേരളത്തിൻറെ ചരിവ് കൂടിയ ഭൂപ്രകൃതി വെള്ളത്തെ മണ്ണിലിറങ്ങാൻ അനുവദിക്കാതെ കടലിലെത്തിക്കുന്നു. ഇത്തരത്തിലുള്ള കാലാവസ്ഥ കൊതുകുപോലുള്ളവയുടെ പ്രജനനത്തിന് കാരണമാകും.ഇതാണ് ദൂഷ്യഫലങ്ങൾ സൃഷ്ടിക്കുകയെന്ന് കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ പറയുന്നു.
കാലാവസ്ഥാ വ്യതിയാനം ഗുരുതരമായ ശാരീരിക പ്രശ്നങ്ങളും ഉണ്ടാക്കുന്നു.ഒരേ സമയത്തുള്ള വ്യത്യസ്തമായ കാലാവസ്ഥ കഠിനമായ ക്ഷീണം മുതൽ സൂര്യാഘാതം വരെ ഉണ്ടാകുന്നതിന് കാരണമാകും.ഇത്തരം അവസ്ഥകൾ കൂടുതലായും കുട്ടികളിലും വൃദ്ധരിലുമാണ് കണ്ട് വരുന്നത്.മനുഷ്യരടക്കമുള്ള ജീവജാലങ്ങളുടെ ജീവിത കാലയളവിനെ ബാധിക്കുമെന്നാണ് യൂറോപ്പ്യൻ പഠന റിപ്പോർട്ടുകളും പറയുന്നു. ഇത്തരം വ്യതിയാനങ്ങൾക്കു ശേഷം മരണ നിരക്ക് കൂടുന്നതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്നാൽ ഇതിനെകുറിച്ചുള്ള വിശദമായ പഠനങ്ങൾ നടന്നുവരുന്നതേയുള്ളൂ.ഇവക്കെതിരെ മുൻകരുതൽ എടുക്കുക എന്നതാണ് ഏക പ്രതിവിധി. മനുഷ്യ ജീവനെ ഇത് ദോഷകരമായി ബാധിക്കാതിരിക്കാൻ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നുവരെയുള്ള കാലയലവിൽ പുറത്തിറങ്ങാതിരിക്കുക, ധാരാളം വെള്ളം കുടിക്കുക,തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുക എന്നിവയാണ് പ്രതിവിധി.