ഇരിട്ടി: ബിജെപി പ്രാദേശികനേതാവിന്റെ വീട്ടുകിണറ്റില്‍ കോഴിമാലിന്യം തള്ളിയനിലയില്‍ കണ്ടെത്തി. കീഴൂര്‍-ചാവശേരി പഞ്ചായത്ത് മുൻ അംഗവും ബിജെപി ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റുമായ കെ.ശിവശങ്കരന്റെ കീഴൂര്‍ക്കുന്നിലെ വീട്ടുകിണറ്റിലാണ് കോഴിമാലിന്യം തള്ളിയനിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കിണര്‍ പരിശോധിക്കുകയായിരുന്നു. കോഴിത്തൂവലുകളും മറ്റും കിണറില്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടതിനെത്തുടര്‍ന്ന് ഇരിട്ടി പോലീസില്‍ വിവരമറിയിച്ചു.
തുടർന്ന് ഇരിട്ടി എസ്ഐ ദിനേശന് കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ശിവശങ്കരന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും.
മുഴുവനായും നൈലോണ്‍ വലയിട്ട് മൂടിയതായിരുന്നു കിണര്‍. ഇതിന്റെ ഒരുവശത്തായി വല കീറിയതായി കണ്ടെത്തി. ഇതിലൂടെ മാലിന്യം കിണറ്റിലേക്ക് തള്ളുകയായിരുന്നുവെന്നാണ് നിഗമനം. മാലിന്യം തള്ളിയ കിണര്‍ പിന്നീട് നാട്ടുകാരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു.