ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും(55) കാമുകി കാരി സിമൻസും(31) വിവാഹിതരാകാൻ പോകുന്നു. കഴിഞ്ഞവർഷം അവസാനം വിവാഹനിശ്ചയം കഴിഞ്ഞതായി ഇൻസ്റ്റഗ്രാം പോസ്റ്റിൽ കാരി അറിയിച്ചു.
തങ്ങൾക്ക് കുഞ്ഞു പിറക്കാൻ പോകുകയാണ്. വേനലാരംഭത്തിൽ കുഞ്ഞു പിറക്കുമെന്നും പോസ്റ്റിൽ കാരി വെളിപ്പെടുത്തി.
ജോൺസന്റെ മൂന്നാം വിവാഹമാണിത്. അലീഗ്ര ഒവനാണു ആദ്യ ഭാര്യ. അഞ്ച് വർഷം നീണ്ട ദാമ്പത്യബന്ധം 1993ൽ അവസാനിച്ചു. അതേവർഷം ഇന്ത്യൻ വേരുകളുളള മറീന വീലറെ വിവാഹം ചെയ്തു.
നാലു മക്കളുള്ള ആദ്യ ദാമ്പത്യബന്ധം 2018ൽ അവസാനിച്ചു. അതിന്റെ വിവാഹമോചന നടപടികൾ അവസാന ഘട്ടത്തിലാണ്.
2019 ജൂലൈയിലാണ് പ്രധാനമന്ത്രി ജോൺസൺ 31 വയസുകാരി കാരിക്കൊപ്പം ലണ്ടനിലെ ഡൗണിംഗ് സ്ട്രീറ്റിലുള്ള ഔദ്യോഗിക വസതിയിലേക്കു മാറിയത്.
173 വർഷത്തിനിടെ ബ്രിട്ടനു ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രഥമവനിത കാരിയാണ്. കാരിയെ വിവാഹം കഴിച്ചാൽ പ്രധാനമന്ത്രി പദത്തിലിരിക്കെ പുനർവിവാഹം ചെയ്യുന്ന രണ്ടാമത്തെ ആളാകും ബോറിസ് ജോൺസൺ.
1769ൽ അഗസ്റ്റസ് ഹെൻറി ഫിറ്റ്സ്റോയിയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരിക്കെ മുമ്പ് പുനർവിവാഹം ചെയ്തത്.