ആലപ്പുഴ : കൊറോണ വ്യാപനം തടയുന്നതിനായുള്ള സർക്കാർ നിർദേശം ലംഘിച്ച് വിവാഹം വിപുലമായി നടത്തിയതിന് പോലീസ് കേസെടുത്തു.
ആലപ്പുഴ ടൗൺ ഹാളിൽ കഴിഞ്ഞ 15 നു നടന്ന ആലപ്പുഴ പവർഹൗസ് വാർഡിൽ ആറാട്ടുവഴി തുണ്ടുപറമ്പിൽ ഷമീർ അഹമ്മദിന്റെ മകളുടെ വിവാഹമാണ് സർക്കാരിന്റെ ജാഗ്രതാ നിർദേശങ്ങൾ അവഗണിച്ച് വിപുലമായ രീതിയിൽ നടത്തിയത്.
വിവാഹവുമായി ബന്ധപ്പെട്ട ആളുകൾ കൂടുന്ന പരിപാടികൾ ലഘൂകരിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ഷമീർ അഹമ്മദിന് അമ്പലപ്പുഴ തഹസിൽദാർ നേരത്തെ തന്നെ നോട്ടീസ് നൽകിയിരുന്നു.
കൂടാതെ 13 ന് തഹസിൽദാർ നേരിട്ടെത്തി കുടുംബാംഗങ്ങളെ കാണുകയും 60 പേരിൽ കൂടുതൽ വിവാഹത്തിൽ പങ്കെടുക്കില്ലെന്നുള്ള ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ആർഡിഒ സന്തോഷ് കുമാറും വിവാഹ ചടങ്ങുകൾ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്ന് അറിയിച്ചിരുന്നു.
ഹാൾ ബുക്ക് ചെയ്തതിനു ചെലവായ തുക ഷമീർ അഹമ്മദിന് തിരിച്ചു നൽകാനും തയാറായിരുന്നു. എന്നാൽ 60 പേരിൽ കൂടുതൽ പങ്കെടുക്കില്ലെന്ന ഉറപ്പ് പാടെ തെറ്റിച്ചുകൊണ്ട് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പോലും സ്വീകരിക്കാതെ ആയിരത്തിലധികം ആളുകളാണ് വിവാഹത്തിന് എത്തിച്ചേർന്നത്.
കൊറോണയുടെ പശ്ചാത്തലത്തിൽ രോഗവ്യാപനത്തിനു കാരണമാകുന്ന തരത്തിലാണ് കൂടുതൽ ആളുകൾ വിവാഹത്തിൽ പങ്കെടുത്തത്.
തുടർന്ന് സ്ഥലത്തുണ്ടായിരുന്ന മുനിസിപ്പൽ കൗൺസിലറുടെ സഹായത്തോടെ മൈക്ക് അനൗൺസ്മെന്റ് നടത്തിയാണ് ജനങ്ങളെ പിരിച്ചു വിട്ടത്.
തുടർന്നാണ് സർക്കാർ നിർദേശങ്ങൾ ലംഘിച്ചതിന് തഹസിൽദാരുടെ നിർദേശപ്രകാരം ആലപ്പുഴ നോർത്ത് പോലീസ് ഷമീർ അഹമ്മദിനെതിരേ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത്.