വിവാഹ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞ് നിസാര കാര്യങ്ങളുടെ പേരിൽ നിരസിച്ചതിനെക്കുറിച്ചുള്ള പോസ്റ്റ് വൈറലാകുന്നു.
സംസ്ഥാന സർക്കാരിന്റെ ഫോട്ടോഗ്രാഫി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ സഖറിയ പൊൻകുന്നത്തിനാണ് അധികൃതരിൽ നിന്ന് ദുരനുഭവം ഉണ്ടായത്.
കാനഡയിൽ ഉള്ള മകളുടെ ബിരുദദാന ചടങ്ങിനു പോകുന്നതിനു വേണ്ടിയുള്ള ആവശ്യത്തിനായിരുന്നു സഖറിയ വിവാഹ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയത്.
കഴിഞ്ഞ 23നായിരുന്നു ചടങ്ങ്. ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്കുകാരണം ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും അദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
ബഹുമാനപ്പെട്ട മുഖ്യമന്ത്രി
പിണറായി വിജയന് ഒരു തുറന്ന കത്ത്.
എന്റെ പേര് സഖറിയ പൊൻകുന്നം ‘
ഒഫീഷ്യൽ – സഖറിയ ജോസഫ്. കഴിഞ്ഞ 45 വർഷമായി കേരളത്തിലെ ഫോട്ടോഗ്രാഫി രംഗത്ത്എ ന്റേതായ സംഭാവനകൾ നൽകി ജീവിക്കുന്ന ഒരു ഫോട്ടോഗ്രാഫർ.
സംസ്ഥാന സർക്കാരിന്റെ ഫോട്ടോഗ്രാഫി അവാർഡ് ഉൾപ്പെടെ ദേശീയ സംസ്ഥാന തലത്തിൽ 78 അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇത്തവണ കേരള ലളിതകലാ അക്കാഡമി ഫോട്ടോഗ്രാഫി ജൂറി അംഗവുമായിരുന്നു.
ഇനി എന്റെ ജീവിത പ്രശ്നത്തിലേക്ക്. ” ഒരു ഫോൺ വിളിയിൽ തീർക്കാവുന്ന കാര്യങ്ങൾ നോട്ട് ഫയലും, കറന്റ് ഫയലും എഴുതി കാലതാമസം വരുത്തി പ്രത്യേക മാനസികോല്ലാസം അനുഭവിക്കുന്ന മനോഭാവമുള്ള അപൂർവ്വം സർക്കാർ ഉദ്യോസ്ഥർ ഇന്നുമുണ്ട്.
ഇത് ആധുനിക സമൂഹത്തിന്ന് ചേർന്നതല്ല ” ഈ വാക്കുകൾ അങ്ങ് പറഞ്ഞതാണ്. ഒരു സീനിയർ സിറ്റിസൺ ആയ ഞാൻ ഇത് ഇവിടെ എഴുതാൻ കാരണം എന്റെ മാര്യേജ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നമാണ്.
2021 സെപ്തംബർ 29-ന് എന്റെ മാര്യേജ് സർട്ടിഫിക്കറ്റിനായി എന്റെ പഞ്ചായത്തായ ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ നിയമപ്രകാരമുള്ള അപേക്ഷ ഞാൻ കൊടുക്കുന്നു.
ഇന്ന് നവംബർ 30. ഇന്ന് രണ്ടു മാസം ആയി. ഇന്നു വരെ എനിക്ക് ആ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.
സെപ്റ്റംബർ 29-ന് ഞാൻ കൊടുത്ത അപേക്ഷ വാങ്ങി വെച്ചിട്ട് മൂന്നാഴ്ചക്ക് ശേഷം എന്നെ വിളിച്ച് എന്റെ അപേക്ഷയിൽ ഭാര്യയുടെ പേരിനോട് സഖറിയ എന്നു ചേർത്ത ത് തെറ്റാണെന്നും പുതിയ അപേക്ഷ വെക്കണമെന്നും പറയുന്നു.
വീണ്ടും ഗസറ്റഡ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, വീണ്ടും രണ്ടു സാക്ഷികളെ ഒപ്പിടീക്കൽ എല്ലാം നടത്തി സമർപിച്ചു. നിരന്തരമായി ഓഫിസ് കയറിയിറങ്ങി.
പഞ്ചായത്ത് ഓഫിസിൽ നിന്നും വെറും നൂറു വാരമാത്രം ദൂരമേയുള്ളു എന്റെ വീട്ടിലേക്ക് അതു കൊണ്ട് വണ്ടിക്കൂലി ലാഭം.
ഇവിടെ എപ്പോൾ ചെന്നാലും പറയും അത് കോട്ടയത്ത് DDP ഓഫീസിൽ നിന്നും അപ്രൂവ് ചെയ്ത് വന്നിട്ടില്ല.-
ഏതാണ്ട് ഒന്നര മാസത്തിനു ശേഷം എന്നോട് എന്റെ എസ് എസ് എൽ സി ബുക്ക് ഹാജരാക്കണമെന്നും Date of Birth നോക്കാനാണെന്ന് പറയുന്നു.
എന്റെ പാസ്സ് പോർട്ട്, ആധാർ കാർഡ്, എല്ലാം അപേക്ഷയോടൊപ്പം കൊടുത്തിട്ടുള്ളതാണ്.
ഇതിൽ എല്ലാം എന്റെ Date of Birth ഒന്നു തന്നെ ആണ്. അതു പോരാ’ അറുപതു വയസുകാരനായ ഞാൻ 45 കൊല്ലം മുമ്പുള്ള എന്റെ SSLC ബുക്ക് ഹാജരാക്കാതെ സമ്മതിക്കില്ല എന്നെ സംബന്ധിച്ച് SSLC ബുക്കുമായി ഞാൻ സർക്കാർ ഉദ്യോഗം തേടി നടന്ന ആളല്ല കഴിഞ്ഞ 45 വർഷമായി എന്റെ ഫോട്ടോഗ്രഫി എന്ന തൊഴിൽ ചെയ്ത് ജീവിക്കുന്നു.
അതിന് SSLC ബുക്കിന്റെ ആവശ്യമില്ല. 1983ൽ ഞാൻ ആദ്യമായി പാസ്പോർട്ട് എടുക്കുമ്പോൾ അത് കാണിച്ചതായി ഓർമ്മയുണ്ട് പിന്നീട് അത് എവിടെ എന്നു പോലും ഞാൻ തിരിഞ്ഞു നോക്കിയിട്ടില്ല.
ഇവിടെ എന്റെ ചോദ്യം SSLC ബുക്ക് ഇല്ലാത്തവന് പെണ്ണുകെട്ടാൻ അവകാശമില്ലെ? അവന് മാര്യേജ് സർട്ടിഫിക്കറ്റ് കൊടുക്കില്ലെ?
ഭാരത സർക്കാർ എനിക്കു തന്ന 2023 വരെ കാലാവധിയുള്ള എന്റെ പാസ്പോർട്ടിലെ Date of Birth പഞ്ചായത്തിന്ന് സ്വീകാര്യമല്ലെ?
എന്റെ സർക്കാർ എനിക്കു തന്ന ആധാർ കാർഡ് ഇവർക്ക് വിശ്വാസമില്ലെ? വോട്ടർ ഐഡി സ്വീകാര്യമല്ലെ? ഡ്രൈവിംഗ് ലൈസൻസ് വിശ്വാസമല്ലെ ?
ഈ രേഖകൾക്ക് ഒന്നും വിശ്വാസതയില്ലെ? ഇതിലൊന്നും എന്റെ Date of Birth വ്യത്യസ്തമല്ല.
ഒടുവിൽ മടുത്ത് വീട്ടിലെ പഴയ അലമാരകൾ എല്ലാം തപ്പി SSLC ബുക്ക് കിട്ടി ഹാജരാക്കി. അപ്പോൾ പുതിയ തടസവാദം അതിൽ സ്കറിയ ജോസഫ് എന്നാണ് കിടക്കുന്നത്.
അത് പിന്നിട് ഞാൻ നിയമപ്രകാരം തിരുത്തി സഖറിയ ജോസഫ് എന്നാക്കിയതിന്റെ രേഖകളും ഹാജരാക്കിയിട്ടും ഇവർക്ക് സ്വീകാര്യമല്ല.
സ്കറിയ ജോസഫ് എന്ന പേരിലേ മാര്യേജ് സർട്ടിഫിക്കറ്റ് തരാൻ പറ്റു എന്ന നിർബന്ധത്താൽ എന്റെ അപേക്ഷ എല്ലാം തള്ളി.
എന്റെ എല്ലാ ഔദ്യോഗികരേഖകളും സഖറിയ ജോസഫ് എന്നാണ്. എന്റെ പേരിലുള്ള വസ്തു ആധാരം ഞാൻ കരം അടക്കുന്നത്.
ഈ പഞ്ചായത്തിൽ ഞാൻ വീട്ടുകരം അടക്കുന്നത് ‘ എന്റെ സർക്കാർ എനിക്കു തന്ന വോട്ടർ ഐഡി റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് ആധാർ കാർഡ് പാൻ കാർഡ് പാസ്പോർട്ട് ഇത്രയും രേഖകൾ വെച്ച് ഒരു ഇൻഡ്യൻ പൗരൻ എന്ന് ഞാൻ വിശ്വസിച്ചിരുന്നു.
ഇതൊന്നും വിശ്വസിക്കാൻ മനസ്സില്ലാത്ത സ്വീകരിക്കാൻ മനസ്സില്ലാത്ത ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥർ -കോട്ടയംD DP യിലെ ഉദ്യോഗസ്ഥർ, ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന ഇടതുപക്ഷം, പൗരത്വ ബില്ലിനെ നഖശിഖാന്തം എതിർക്കുന്ന ഇടതുപക്ഷത്തിന്റെ പ്രസിഡണ്ട് ഭരിക്കുന്ന ഞങ്ങളുടെ പഞ്ചായത്തിൽ തന്നെ എന്റെ പൗരത്വം ചോദ്യം ചെയ്യപ്പെടുന്നു.
ഇപ്പോൾ സഖറിയ ജോസഫ് എന്ന എന്നെ കൊണ്ട് ഇവർ പഴയ സ്കറിയ ജോസഫ് എന്ന പേരിൽ പുതിയ അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെട്ട് അത് സമർപ്പിച്ചിരിക്കയാണ്.
ബഹുമാനപെട്ട മുഖ്യമന്ത്രീ എനിക്ക് ഇതു മനസ്സിലാകുന്നില്ല, ഞാൻ സ്കറിയ ജോസഫ് അല്ല, സഖറിയ ജോസഫ് ആണ് .
സ്കറിയ ജോസഫ് എന്ന പേരിൽ മാര്യേജ് സർട്ടി ഫിക്കറ്റ് എനിക്ക് വിലയില്ലാത്തതാണ് .. ഒരു പൌരന് നീതി നടപ്പാക്കാനാണ് ഏറ്റം താഴെ തട്ടിലുള്ള പഞ്ചായത്ത് ശ്രമിക്കേണ്ടത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ബ്ളോക്ക് പഞ്ചായത്തിന് ജില്ലാ പഞ്ചായത്തിന് നിയമസഭാ തെരഞ്ഞടുപ്പിന് ലോക്സഭാ തിരഞ്ഞെടുപ്പിന് എല്ലാം എന്റെ വീട്ടിൽ വന്ന് കുനിഞ്ഞു നിന്ന് വോട്ടു ചോദിച്ചവർ ആരും വോട്ട് ചെയ്യാൻ ചെന്നപ്പോൾ SSLC ബുക്ക് ചോദിച്ചിട്ടില്ല. അതിനെല്ലാം എന്റെ IDപ്രൂഫ് മതി . ഇതാണ് ജനാധിപത്യം.
എന്റെ മകൾ ഉന്നത പഠനത്തിനായി ക്യാനഡയിലെ ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിൽ ആണ്.
(UBC) അവളുടെ ബിരുദദാന ചടങ്ങിൽ മാതാപിതാക്കളായ ഞങ്ങൾ പങ്കെടുക്കേണ്ടതിന് ഫാമിലി വിസക്കു വേണ്ടിയാണ് ഈ സർട്ടിഫിക്കറ്റിന്റെ പിറകേ നടന്നത്.
ആ ചടങ്ങ് ഈ 23 ന് കഴിഞ്ഞു ഇനി ഈ സർട്ടിഫിക്കറ്റ് എനിക്കെന്തിന്?’ ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹം അതു കാണണമെന്ന്.
മക്കളുടെ ആഗ്രഹം മാതാപിതാക്കൾ ഉണ്ടാകണമെന്ന് ‘ അത് തല്ലിക്കൊഴിക്കാൻ നിയമത്തിന്റെ നൂലാമാലകൾ ഇഴകീറി പരിശോധിക്കുന്ന ഇത്തരം സാഡിസ്റ്റ് മനോഭാവമുള്ള ഉദ്യോഗസ്ഥ വൃന്ദത്തിന് കഴിഞ്ഞു. എന്റെ കേരളത്തിന് എന്റെ നമോവാകം