ചിറ്റൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ വിവാഹം ചെയ്ത അധ്യാപകൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ഗംഗാവരം മണ്ഡലത്തിലാണ് സംഭവം.
17കാരിയായ 12-ാം ക്ലാസ് വിദ്യാർഥിനിയെയാണ് ഇയാൾ വിവാഹം ചെയ്തത്. സംഭവത്തിൽ അധ്യാപകൻ ചലപതി (33)ക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമ (പോക്സോ) പ്രകാരം കേസെടുത്തു.
പ്രതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ബുധനാഴ്ച പരീക്ഷ കഴിഞ്ഞതിന് ശേഷം പ്രതി പെൺകുട്ടിയെ കള്ളം പറഞ്ഞ് തിരുപ്പതിയിലേക്ക് കൊണ്ടുപോയി.
താൻ സത്യസന്ധനാണെന്നും തന്നെ വിശ്വസിക്കണമെന്നും താൻ അവളെ പരിപാലിക്കുമെന്നും പ്രതി പെൺകുട്ടിയോട് പറഞ്ഞു. തുടർന്ന് ഇവിടെയുള്ള ഒരു അമ്പലത്തിൽവച്ച് ഇരുവരും വിവാഹിതരാകുകയായിരുന്നു.
പിന്നീട് ചലപതിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധിച്ച പെൺകുട്ടി, സംഭവം മുഴുവൻ മാതാപിതാക്കളെ അറിയിക്കുകയും മാതാപിതാക്കളോടൊപ്പം പെൺകുട്ടി ഗംഗാവരം പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും ചെയ്തു.
പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതായി പോലീസ് അറിയിച്ചു.