കനൗജ്: വധുവാകാൻ പോകുന്ന പെൺകുട്ടിക്കു പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ യുവാവ് വിവാഹത്തിൽനിന്ന് ഒഴിവായി.
വധുവിന്റെ അച്ഛനെ വിളിച്ച് നിങ്ങളുടെ മകൾക്ക് പ്ലസ് ടു പരീക്ഷയിൽ മാർക്ക് കുറവാണെന്നും അതുകൊണ്ട് താൻ ഈ വിവാഹത്തിൽനിന്നു പിന്മാറുകയാണെന്നും വരൻ അറിയിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ കനൗജ് ജില്ലയിൽ തിര്വ കോട്വാലിയിലാണ് വിചിത്രമായ സംഭവം നടന്നത്.
വിവാഹത്തോടനുബന്ധിച്ചുള്ള ഗോദ് ഭരായി ചടങ്ങു കഴിഞ്ഞശേഷമായിരുന്നു വരന്റെ പിന്മാറ്റം. ഇതോടെ പെൺകുട്ടിയുടെ പിതാവ് പോലീസിനെ സമീപിച്ചു.
മകൾ സോണിയെ ബഗൻവ ഗ്രാമത്തിലെ രാംശങ്കറിന്റെ മകൻ സോനുവിന് വിവാഹം കഴിച്ചുകൊടുക്കാൻ നിശ്ചയിച്ചിരുന്നതായും ഡിസംബർ നാലിനു ഗോദ് ഭരായി ചടങ്ങ് നടന്നെന്നും എന്നാൽ പിന്നീട് വരൻ പിന്മാറിയെന്നും പിതാവ് പരാതിയിൽ പറയുന്നു.
മാർക്ക് കുറഞ്ഞത് വെറും കാരണമായി പറയുന്നതാണെന്നും ശരിക്കും സ്ത്രീധനം കുറവായതിനാലാണ് വരൻ വിവാഹത്തിൽനിന്നു പിന്മാറിയതെന്നും വധുവിന്റെ വീട്ടുകാർ ആരോപിക്കുന്നു.
വിവാഹത്തിനായി വധുവിന്റെ വീട്ടുകാർ 60,000 രൂപ ചെലവഴിച്ചിരുന്നു. 15,000 രൂപ കൊടുത്ത് വരന് ധരിക്കാനുള്ള മോതിരവും വാങ്ങി.
എന്നാൽ, വരന്റെ വീട്ടുകാർ പിന്നീടു സ്ത്രീധനം ചോദിച്ചു. അത് നൽകാൻ വധുവിന്റെ വീട്ടുകാർ തയാറായിരുന്നില്ല.
അതോടെയാണത്രെ പെൺകുട്ടിക്ക് സ്കൂൾ പരീക്ഷയിൽ മാർക്ക് കുറവാണെന്നു പറഞ്ഞ് യുവാവ് വിവാഹത്തിൽനിന്നു പിന്മാറിയത്.