അമിതമായ വിവാഹ ചിലവൊഴിവാക്കാൻ അന്പതുകാരൻ മൂന്നുയുവതികളെ ഒരുമിച്ച് വിവാഹം ചെയ്തു. ഉഗാണ്ടയിലെ വകിസൊ ജില്ലയിലെ കതാംബി സ്വദേശിയായ മൊഹമ്മദ് സെമൻഡ എന്നയാളാണ് മൂന്നു യുവതികളെയും ഒരു ചടങ്ങിൽ വിവാഹം ചെയ്ത് ആഫ്രിക്കയിലെ മാധ്യമങ്ങളിൽ താരമായത്.
താൻ സാന്പത്തികമായി മോശമാണെന്ന് ഈ മൂന്നുപേർക്കുമറിയാമെന്നും തന്നോടുള്ള സ്നേഹത്താൽ സാന്പത്തികം അവർക്കൊരു പ്രശ്നമേയല്ലെന്നുമാണ് മൊഹമ്മദ് പറയുന്നത്. മൂന്നു പേർക്കും പരസ്പരം പിണക്കമൊന്നുമില്ലെന്നും ഓരോരുത്തർക്കും വീടുകൾ നൽകിയിട്ടുണ്ടെന്നും താൻ കഠിനാധ്വാനം ചെയ്ത് അവരെ പോറ്റുമെന്ന് അവർക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാൽപ്പത്തിയെട്ടുകാരിയായ സൽമത്ത് നലുവുജ്ജെ, ഇരുപത്തിയേഴുകാരിയായ ജാമിയോ നകായിസാ, ഇരുപത്തിനാലുകാരിയായ മസ്തുല്ല നാംവൻജെ എന്നിവരെയാണ് അദ്ദേഹം വിവാഹം ചെയ്തത്. സൽമത്ത് നലുവുജ്ജയെ ഇരുപതു വർഷങ്ങൾക്കു മുന്പ് മൊഹമ്മദ് വിവാഹം ചെയ്തതാണ് ഈ ബന്ധത്തിൽ അവർക്ക് അഞ്ച് മക്കൾ ഉണ്ട്. ഇവരുടെ വിവാഹബന്ധം പുതുക്കുകയായിരുന്നു ചടങ്ങിൽ.
മറ്റ് രണ്ട് യുവതികളും സഹോദരിമാരാണ്. മുന്പ് ഉണ്ടായിരുന്ന വിവാഹബന്ധത്തിൽ ഇവർക്കും കുട്ടികളുണ്ട്.