അനിയത്തിയെ കാണിച്ച് ചേടത്തിയെ കെട്ടിക്കുന്ന വിദ്യയൊക്കെ സിനിമയിലൊക്കെ ധാരാളം കണ്ടിട്ടുണ്ട്. എന്നാല്‍, ഇത്തരത്തില്‍ യഥാര്‍ഥത്തില്‍ സംഭവിക്കുമോ? സംശയമാണെന്ന് പറയുന്നവര്‍ക്കായി കല്പറ്റയില് നടന്ന ഈ സംഭവത്തിലേക്ക് വഴി നടത്തുന്നു. മുക്കം സ്വദേശിയായ യുവാവ് കല്പറ്റയില് നിന്ന് വിവാഹം കഴിച്ചു. വീട്ടുകാരും നാട്ടുകാരും നിറഞ്ഞ് അനുഗ്രഹിച്ച കല്യാണം ഭംഗിയായി നടന്നു. വിവാഹശേഷം ഭര്‍ത്താവ് ഭാര്യയെ കല്പറ്റയിലെ വീട്ടിലെത്തിച്ചു. ഈ ബന്ധം തുടരാനാകില്ലെന്ന് തുറന്നടിച്ചു പറയുകയും ചെയ്തു. തന്നെ കാണിച്ച പെണ്‍കുട്ടിയെ അല്ല കെട്ടിച്ചു തന്നതെന്നായിരുന്നു അയാള്‍ പറഞ്ഞ ന്യായം.
മഹല്ല് കമ്മിറ്റിക്കാര് തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ എട്ടുലക്ഷം രൂപ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് യുവാവ് സമ്മതിച്ചു. അതോടെ ബന്ധം വേര്‍പിരിക്കാനും തീരുമാനമായി. ചൊവ്വാഴ്ച ഉച്ചയോടെ വരനും സംഘവും കല്പറ്റയിലെത്തി. അഭിഭാഷകന്റെ ഓഫീസില്‍ വെച്ച് കരാര്‍ ഒപ്പിടാമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അവിടെയെത്തിയപ്പോള്‍ അടിപിടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ് മറ്റൊരു വക്കീലിന്റെ ഓഫീസിലേക്ക് മാറ്റി. അവിടെയും അതുതന്നെ സ്ഥിതി. ഒടുവില്‍ കൈനാട്ടിയിലെ ഒരാളുടെ വീട്ടിലാക്കി കരാര്‍ ഒപ്പിടല്‍.
വക്കീലിന്റെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പിട്ടശേഷം വരനും സംഘവും പുറത്തിറങ്ങിയപ്പോഴാണ് സംഘടിച്ചെത്തിയ വധുവിന്റെ ആളുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഒപ്പിടാന്‍ സൗകര്യമൊരുക്കിക്കൊടുത്ത ആളുടെ വീട്ടിലും പരിസരത്തുമായി അവര്‍ വരനെ ഓടിച്ചിട്ടു തല്ലുകയായിരുന്നു. ഒടുവില്‍ പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. തുടര്‍ന്ന് പോലീസുകാര്‍ പരിക്കേറ്റവരെ കൊണ്ടുപോയി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് വിവരം. വരന്റെ തലയ്ക്ക് പരിക്കേറ്റു. വരന്റേത് മൂന്നാം കെട്ടാണെന്നും പറയപ്പെടുന്നു.