കറന്‍സി റദ്ദാക്കിയപ്പോള്‍ കല്യാണവും ഹിറ്റായി! 500 രൂപയ്ക്കു വിവാഹം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ? കൈയില്‍ സൈ്വപിംഗ് മെഷീനുമായി വധുവും വരനും

Note_wedding

നവംബര്‍ എട്ടിനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി 500 രൂപ, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നുവെന്ന നടപടി പ്രഖ്യാപിച്ചത്. അസൂയയുള്ളവര്‍ കോമാളിത്തരം എന്നൊക്കെ പറഞ്ഞേക്കാം. പാവം നമോ. ഒടുവില്‍ സ്വന്തം ജനം തന്റെ ഉദ്ദേശ്യശുദ്ധി മനസിലാക്കാത്തതില്‍ മനംനൊന്ത് കരയുകപോലും ചെയ്തു. ഈ ഹൃദയവേദന കൊണ്ടാകാം പ്രധാനമന്ത്രി പാര്‍ലമെന്റിലും എത്തുന്നില്ല. എത്തിയാലോ, പെട്ടെന്നു മടങ്ങുകയും ചെയ്യും.

വിവാഹം നടത്തുന്നതിനായി നവംബര്‍ എട്ടിനു ശേഷമുള്ള ശുഭദിനം കുറിച്ചുകൊടുത്ത ജ്യോത്സന്മാരും പെട്ടു. കവടി നിരത്തിയാല്‍ എല്ലാ വിഘ്‌നങ്ങളും തെളിയും. എന്നാല്‍, പ്രധാനമന്ത്രിയുടെ മനസു തെളിയില്ലല്ലോ. അവരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

എന്തായാലും നിശ്ചയിച്ച വിവാഹം നടത്താതിരിക്കുന്നത് മംഗളകരമല്ല. നോട്ടുണ്ടേലും ഇല്ലേലും വിവാഹം നടത്താതെ തരമില്ലല്ലോ എന്നതാണ് പല കല്യാണവീടുകളിലെയും അവസ്ഥ. നോട്ടുനിരോധന കാലയളവിലെ ചില കല്യാണവിശേഷങ്ങള്‍ ഇങ്ങനെ,

രംഗം ഒന്ന്:

500 രൂപയ്ക്കു വിവാഹം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ? എന്നാല്‍, ഗുജറാത്തിലെ സൂറത്തില്‍നിന്നുള്ള നവദമ്പതികള്‍ ഏവര്‍ക്കും ഒരു അദ്ഭുതമായിരിക്കും. ആര്‍ഭാടമായ വിവാഹമാണ് ഇരുകൂട്ടരും ഒരുക്കിയിരുന്നത്. എന്നാല്‍, ഈ അവസരത്തിലാണ് സ്വന്തം നാട്ടുകാരനായ പ്രധാനമന്ത്രി നോട്ടുറദ്ദാക്കലുമായി ഇരുട്ടടി പോലെ വന്നത്. ഇതോടെ വധുവും വരനും സുധീരമായ നിലപാടെടുത്തു. ആര്‍ഭാടപൂര്‍വമുള്ള വിവാഹസല്‍ക്കാരം ഒഴിവാക്കി ചായ സല്‍ക്കാരം ഒരുക്കി. വധുവും വരനും ഒരുമിച്ചെടുത്ത ധീരമായ തീരുമാനമായിരുന്നുവെന്നതാണ് പ്രത്യേകത.

രംഗം രണ്ട്:

വിവാഹവേദിയില്‍ എല്ലാവരും തല്‍സ്ഥാനങ്ങളില്‍ ഇരുന്നു. ഇനി വധുവും വരനും മണ്ഡപത്തില്‍ പ്രവേശിക്കുന്ന ചടങ്ങാണ്. ചന്തിച്ചു തീര്‍ന്നില്ല. വധുവും വരനും എത്തി. പക്ഷേ, ക്ഷണിക്കപ്പെട്ട എല്ലാവരും ഇവരെ കണ്ടു ഞെട്ടി. കൈയില്‍ സൈ്വപിംഗ് മെഷീനുമായാണ് ഇരുവരുമെത്തിയത്.

രംഗം മൂന്ന്:

സുഹൃത്തിന്റെ മകളുടെ വിവാഹത്തിനു സമ്മാനം മേടിക്കണം എന്നു വിചാരിച്ചാണ് തമിഴ്‌നാട് സ്വദേശി കിടന്നുറങ്ങിയത്. രാവിലെ പത്രം തുറന്നതും പ്രധാന തലക്കെട്ടു കണ്ട് അദ്ദേഹം ഞെട്ടി. 500 രൂപ, 1000 രൂപ കറന്‍സികള്‍ റദ്ദാക്കിയിരിക്കുന്നു. ഉടന്‍തന്നെ അദ്ദേഹം ബങ്കിലേക്ക് ഓടി. സുഹൃത്തിന്റെ മകളുടെ വിവാഹത്തിന്റെ ക്ഷണക്കത്തുമായാണ് അദ്ദേഹം ബാങ്കില്‍ ചെന്നത്. ക്യൂവില്‍ നിന്ന് ഒടുവില്‍ 4000 രൂപ സംഘടിപ്പിച്ചു. കൂടുതല്‍ പണം ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. ഒടുവില്‍ ക്ഷണക്കത്ത് വരെ കാണിച്ചുനോക്കി. പക്ഷേ എന്തു ചെയ്യാം നോ രക്ഷ!

രംഗം നാല്:

കറന്‍സി റദ്ദാക്കല്‍ വിതച്ച ദുരിതങ്ങളുടെ ചിത്രമാണ് മേല്‍പ്പറഞ്ഞ കല്യാണവിശേഷങ്ങളില്‍ കണ്ടത്. എന്നാല്‍, ബിജെപി നേതാവായ ജനാര്‍ദന റെഡ്ഡിയുടെ മകളുടെ വിവാഹത്തിനു മോദിയുടെ തീരുമാനം യാതൊരു വിഘ്‌നവും വരുത്തിയില്ല. ബാക്കി എല്ലാവരും 500 രൂപയ്ക്കും ചെലവു ചുരുക്കിയുമൊക്കെ വിവാഹിതരായപ്പോള്‍ റെഡ്ഡി മകളുടെ വിവാഹത്തിനു മുടക്കിയത് 500 കോടി രൂപയാണ്. ആദ്യത്തെ അക്കത്തിനു ശേഷം വരുന്ന പൂജ്യത്തിനു വലിയ വിലയുണ്ടെന്നത് റെഡ്ഡി ചിലപ്പോള്‍ അറിഞ്ഞുകാണില്ല. എന്തായാലും വെറും 30 കോടി രൂപ മാത്രമാണ് ചിലവെന്നാണ് കുടുംബക്കാരുടെ പക്ഷം.

Related posts