ദുബായ്: ക്രൂയിസ് കപ്പൽ ചരിത്രത്തിൽ പുതിയ നേട്ടം രചിച്ച ദുബായിലെ കോടീശ്വരനും ദാനൂബ് ഗ്രൂപ്പിന്‍റെ സ്ഥാപകനും ചെയർമാനുമായ റിസ്വാൻ സാജന്‍റെ മകൻ അദേൽ സാജനും സനാ ഖാനും മെഡിറ്ററേനിയൻ കടലിൽ നടന്ന ആഡംബര ക്രൂയിസ് കപ്പലിൽ വിവാഹിതരായി. ദാനൂബ് ഹോമിന്‍റെ ഡയറക്ടറാണ് അദേൽ സാജൻ. മുൻ മിസ് ഇന്ത്യയും കലാകാരിയും എഴുത്തുകാരിയുമാണ് സനാ ഖാൻ.
ബോളിവുഡിലെ പ്രമുഖ താരങ്ങൾ പങ്കെടുത്ത വിവാഹം അന്താരാഷ്ട്ര ആഡംബര കപ്പലിൽ നടക്കുന്ന ആദ്യ വിവാഹമാണ്. ചരിത്രത്തിൽ ആദ്യമായാണ് കുടുംബ ആഘോഷത്തിനുവേണ്ടി ഒരു കപ്പൽ മുഴുവനായും വാടകയ്ക്ക് എടുക്കുന്നത്.
ക്രൂയിസ് കപ്പലിൽ പ്രധാനമായും ചിത്രീകരിച്ച ഹിന്ദി സിനിമയായ ദിൽ ദഡ്കനേ ദോയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ബോളിവുഡ് ആശയത്തിൽ വിവാഹ ആഘോഷം ഒരുക്കിയത്. ഏപ്രിൽ ആറു മുതൽ ഒന്പതു വരെ നടന്ന ആഘോഷത്തിൽ മലൈക അറോറ, ശില്പ ഷെട്ടി, ഷമിത ഷെട്ടി, ദിയ മിർസ, സുഷ്മിത സെൻ, ജൂഹി ചൗള, മധുർ ഭണ്ഡാർക്കർ, ഗൗഹർ ഖാൻ, സോഫി ചൗധരി, കരിഷ്മ തന്ന, ഗുർമീത് ചൗധരി എന്നിവരെ കൂടാതെ പല പ്രശസ്തരായ സിനിമാതാരങ്ങളും കോടീശ്വര·ാരായ വ്യവസായികളും ചടങ്ങിൽ പങ്കെടുത്തു.
വിനോദപരിപാടികൾ കൊണ്ട് സന്പുഷ്ടമായ കപ്പൽ യാത്ര സ്പെയിൻ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു. 75 ൽ അധികം ഇന്ത്യൻ പാചകക്കാരുടെയും 150 ൽ അധികം വിദേശ പാചകക്കാരുടെയും സംഘമാണ് ഭക്ഷണം തയാറാക്കാൻ നേതൃത്വം നൽകിയത്.
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്പിന്‍റെ ചെയർമാനും സിഇഒയും ഓസ്കാറിലേക്ക് പ്രവേശനം നേടിയ ഡാം 999 എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകനും ഇൻഡിവുഡ് സ്ഥാപകനുമായ സോഹൻ റോയ് മാത്രമാണ് ഹോളിവുഡിൽ നിന്നും വിവാഹമാമാങ്കത്തിൽ പങ്കെടുത്തത്. ഫോർബ്സ് മാഗസിൻ പുറത്തിറക്കിയ ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ 40 സ്ഥാനത്താണ് വ്യവസായിയായ സോഹൻ റോയി.
നൂതനവും ഉല്ലാസപ്രദവുമായ വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചത് ആദരമായി കാണുന്നു. വിവാഹ ആഘോഷത്തിന്‍റെ പ്രമേയം സിനിമയിൽ നിന്നും എടുത്തതിൽ ഏറെ സന്തോഷിക്കുന്നു. ഇത്തരത്തിലുള്ള പുതിയ വിപണന ആശയങ്ങൾ തീർച്ചയായും പ്രോത്സാഹിപ്പിക്കണം, അതെ പോലെ തന്നെ വിനോദ പരിപാടികളിൽ സിനിമയുടെ അന്തസാധ്യതകൾ ഉപയോഗിക്കുകയും ചെയ്യണമെന്ന് സോഹൻ റോയ് പറഞ്ഞു.
ഹോളിവുഡ് ചലച്ചിത്ര സംരംഭമായ ബർണിംഗ് വെൽസ് സോഹൻ റോയിയും മലയാളത്തിലെ പ്രമുഖ സംവിധായകനായ ഐവി ശശിയും ചേർന്നാണ് സംവിധാനം ചെയ്യുന്നത്.