നെടുമങ്ങാട്: വിവാഹ മണ്ഡപത്തിലെത്തിയ വധു മുഹൂർത്തമായിട്ടും പുടവ ഉടുക്കാൻ കൂട്ടാക്കാത്തതിനാൽ വിവാഹം മുടങ്ങി.ഇന്നലെ ചുള്ളിമാനൂർ സാഫ് ഓഡിറ്റോറിയത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന ആട്ടുകാൽ കഴക്കുന്ന് സ്വദേശിനിയായ യുവതിയുടേയും വെള്ളയമ്പലം സ്വദേശി യുവാവിന്റെയും വിവാഹമാണ് മുടങ്ങിയത്.
നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് രാവിലെ തന്നെ വധുവുമായി വീട്ടുകാർ മണ്ഡപത്തിലെത്തി. മുഹൂർത്തം പന്ത്രണ്ടിനായിരുന്നതിനാൽ വധുവിനെ അണിയിച്ചൊരുക്കാനായി എത്തിയവരോട് താൻ വിവാഹ സാരി ധരിക്കില്ലെന്ന വാശിയുമായി യുവതി നിലയുറപ്പിച്ചുവത്രേ.രാവിലെ വീട്ടിൽ നിന്നും തിരിച്ചപ്പോൾ ധരിച്ച ചുരിദാറായിരുന്നു യുവതിയുടെ വേഷം.
എന്നാൽ യുവതിയെ അടുത്ത ബന്ധുക്കൾ പറഞ്ഞുമനസിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നതിനിടെ ചെറുക്കന്റെ വീട്ടുകാരും മണ്ഡപത്തിലെത്തി. ആചാരപൂർവം ഇവരെ വധുവിന്റെ സഹോദരൻ മാലചാർത്തി സ്വീകരിക്കുകയും ചെയ്തു.
തുടർന്ന് കല്യാണത്തിനെത്തിയവർക്കായി രണ്ടു പന്തിയായി ഭക്ഷണവും വിളമ്പി.മുഹൂർത്തമായതോടെ കതിർമണ്ഡപത്തിലേക്ക് കയറാനായി വരനും കൂട്ടരും വേദിയിലെത്തി.
സമയം ഏറെകഴിഞ്ഞിട്ടും വധു പുറത്തേക്ക് വന്നില്ല.കാരണവൻമാർ ബഹളം വച്ചതോടെയാണ് വധു വിവാഹസാരി ധരിക്കാതെ പിണങ്ങി ഇരിക്കുന്ന വിവരം പുറത്തറിഞ്ഞത്.തുടർന്ന് ബന്ധുക്കൾ പലരും ഇടപെട്ടിട്ടും യുവതി നിലപാട് മയപ്പെടുത്തിയില്ല.ഒന്നരയോടെ വലിയമല പോലീസെത്തി വീട്ടുകാരുമായും പെൺകുട്ടിയുമായും സംസാരിച്ചു. ശേഷം വിവാഹത്തിന് പെൺകുട്ടി സമ്മതം പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാൽ ഇനി കല്യാണവുമായി തുടർന്ന് പോകാൻ താത്പര്യമില്ലെന്ന് വരനും ബന്ധുക്കളും അറിയിക്കുകയായിരുന്നു. പിന്നീട് ഇരുകൂട്ടരുമായും വലിയമല എസ്ഐ സംസാരിക്കുകയും പ്രശ്ന പരിഹാരമുണ്ടാക്കുകയും ചെയ്തു. ഇരുഭാഗത്തുമുണ്ടായ നഷ്ടങ്ങൾ പരസ്പരം സഹിക്കാമെന്ന് സമ്മതിച്ച് ഇരുകൂട്ടരും ബന്ധത്തിൽ നിന്നും പിൻമാറുകയായിരുന്നു.