രാമങ്കരി: സിനിമ കഥ പോലെ സസ്പെൻസുകൾ നിറഞ്ഞതായിരുന്നു കഴിഞ്ഞ ദിവസം രാമങ്കരിയിൽ നടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകലും പിന്നീട് നടന്ന വിവാഹവും അറസ്റ്റും ജാമ്യവും. സംഭവം നാട്ടുകാരെയും പോലീസിനെയും കഴിഞ്ഞ രണ്ടു ദിവസമായ് മുൾമുനയിൽ നിർത്തിയത് മണിക്കൂറുകൾ. അടിമുടി സസ്പെൻസുകൾ നിറഞ്ഞതായിരുന്നു ഓരോ മണിക്കൂറുകളും.
കണ്ണാടി സ്വദേശിയായ യുവാവും സുഹൃത്തുക്കളും കുന്നംങ്കരി സ്വദേശിനിയായ യുവതിയുമാണ് കഥയിലെ കേന്ദ്ര കഥാപാത്രങ്ങൾ. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പ്രണയത്തിലായിരുന്ന കണ്ണാടി സ്വദേശിയായ യുവാവും സംഘവും ആദ്യം വാഹനത്തിലെത്തി കുന്നംങ്കരിയിലുള്ള പ്രണയിനിയുടെ വീട് കയറി ബന്ധുക്കളെയും മറ്റുആക്രമിച്ചു പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. തുടർന്ന് ബന്ധുക്കളുമായി കൈയേറ്റവും നടന്നു.
തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കളുടെ എതിർപ്പ് മറികടന്ന് യുവാവും സുഹൃത്തുക്കളും പെൺകുട്ടിയെ വാഹനത്തിൽ കയറ്റിക്കൊട്ടുപോയി പുളിങ്കുന്നിലെ ഒരന്പലത്തിൽ വച്ച് വിവാഹവും നടത്തി. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് സ്ഥലത്ത് പോലീസ് എത്തിയപ്പോഴേക്കും വിവാഹചടങ്ങ് കഴിഞ്ഞിരുന്നു.
തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ ഭവനഭേതനം തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസ് ഇവർക്കെതിരെ കേസെടുക്കുകയും ഉടനെ തന്നെ കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു. യുവാവ് ഉൾപ്പെടെ ആദ്യം നാലുപേരാണ് രാമങ്കരി പോലീസിന്റെ കസ്റ്റഡിയിൽ ആകുന്നത്. ശേഷം ഇന്നലെ രണ്ടുപേരെ കൂടി കസ്റ്റഡിയിലെടുത്തു.
വൈകുന്നേരം നലരയോടെ രാമങ്കരി കോടതിയിൽ ഹാജരാക്കിയ ഇവർക്ക് കോടതി ജാമ്യം അനുവദിക്കുകയും ആയിരുന്നു. ഇതോടെ നാട്ടിലാകെ സംസാരമായ തട്ടിക്കൊണ്ടുപോകലും പിന്നീടു നടന്ന വിവാഹവുമൊക്കെ മണിക്കൂറുകളോളം സസ്പെൻസ് നിറഞ്ഞുനിൽക്കുന്ന സിനിമയെ പോലും വെല്ലുന്ന ഒന്നായി.