വിവാഹമണ്ഡപത്തിൽ അണിഞ്ഞൊരുങ്ങി രണ്ടു നവവധുക്കൾ! നാദസ്വരക്കച്ചേരി ഉച്ചസ്ഥായിയിലെത്തിയപ്പോൾ രണ്ടു വരണമാല്യങ്ങളുമായി വരൻ വധുക്കളുടെ സമീപത്തേക്ക്. കുരവയിടാൻ വെന്പൽ പൂണ്ട് സ്ത്രീജനങ്ങൾ. അഗ്നിസാക്ഷിയായി ആ വരൻ രണ്ടുപേരെ വിവാഹം കഴിക്കാൻ ഇനി നിമിഷങ്ങൾ മാത്രം. എന്നാൽ, വിവാഹത്തിനു ക്ഷണിക്കാതെയെത്തിയ പോലീസും സാമൂഹ്യക്ഷേമ വകുപ്പ് അധികൃതരും ചേർന്നു വിവാഹം മുടക്കി. അങ്ങനെ വിവാഹവേദി നിമിഷങ്ങളുടെ വ്യത്യാസത്തിൽ തർക്കവേദിയാക്കി മാറി. തമിഴ്നാട്ടിലെ തിരുച്ചുഴിയിലാണ് നാടകീയ സംഭവങ്ങളുടെ അരങ്ങേറ്റം.
രാമമൂർത്തിയെന്ന മുപ്പത്തൊന്നുകാരന്റെ വിവാഹസ്വപ്നങ്ങളാണ് അധികൃതരുടെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം പൊലിഞ്ഞത്. സംഭവം ഇങ്ങനെ… രാമമൂർത്തിയുടെ ഒരു സഹോദരി കലൈശെൽവിയുടെ മകൾ രേണുകാദേവിയുമായാണ് ആദ്യം കല്യാണം ഉറപ്പിച്ചത്. എന്നാൽ, ഒരു വധുവിനേക്കൂടി സ്വന്തമാക്കണമെന്നു മോഹമുദിച്ച രാമമൂർത്തി, അമുദവല്ലി എന്ന രണ്ടാമത്തെ സഹോദരിയുടെ പക്കൽ തന്റെ ആവശ്യവുമായി എത്തുകയായിരുന്നു. സഹോദരന്റെ നിർബന്ധത്തിനു വഴങ്ങി അമുദവല്ലി തന്റെ മകൾ ഗായത്രിയെ രാമമൂർത്തിക്കു നല്കാൻ സമ്മതിക്കുകയും ചെയ്തു. തുടർന്ന് കല്യാണത്തിനുള്ള ഒരുക്കങ്ങളായി. വരന്റെയും വധുക്കളുടെയും ചിത്രങ്ങൾ അടക്കമുള്ള വിവാഹക്കുറിയാണ് ബന്ധുക്കൾ തയാറാക്കിയത്.
എന്നാൽ, കല്യാണക്കുറിയിൽ വധുവിന്റെ സ്ഥാനത്തു രണ്ടു പേരുടെ പേരും ഫോട്ടോയും ചേർത്തിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട പലരും കുറിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു, പിന്നെ പറയാനുണ്ടോ പൂരം. കല്യണക്കുറി വൈറലായതോടെ വാർത്ത തമിഴ്നാട്ടിലെ സമൂഹ്യക്ഷേമവകുപ്പ് അധികൃതരുടെ കാതിൽ എത്തുകയായിരുന്നു. ബഹുഭാര്യാത്വം കുറ്റകരമാണെന്നു ബോധ്യപ്പെടുത്തി വിവാഹം മുടക്കാൻ അധികൃതർ ഇത്തിരി പ്രയാസപ്പെട്ടു. തനിക്ക് രണ്ടു ഭാര്യമാരുണ്ടായിരിക്കുമെന്നു ജാതകത്തിൽ കണ്ടെത്തിയതിനാലാണ് ഈ സാഹസത്തിനു മുതിർന്നതെന്നു രാമമൂർത്തി പോലീസിനോട് പറഞ്ഞു. എന്തായാലും ഒടുവിൽ, ആദ്യം കല്യാണം ഉറപ്പിച്ച രേണുകാ ദേവിയുമായുള്ള വിവാഹം അധികൃതർ മുൻകൈയെടുത്ത് നടത്തുകയും ചെയ്തു.