പാലാ: രജിസ്റ്റര്‍ വിവാഹത്തിനെത്തിയ വരനെയും ബന്ധുക്കളെയും പെണ്‍വീട്ടുകാര്‍ കൈയേറ്റം ചെയ്തു. പാലാ രജിസ്ട്രാര്‍ ഓഫീസില്‍ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. കൊല്ലപ്പള്ളി സ്വദേശിയായ വരനും നീലൂരുകാരിയായ യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. യുവതിയും യുവാവും തമ്മിലുള്ള പ്രണയത്തെ പെണ്‍വീട്ടുകാര്‍ എതിര്‍ത്തിരുന്നെങ്കിലും യുവാവിന്റെ വീട്ടുകാര്‍ക്ക് സമ്മതമായിരുന്നു. ഇന്നലെ യുവാവിനും സുഹൃത്തുക്കള്‍ക്കും ഒപ്പം രജിസ്ട്രാര്‍ ഓഫീസില്‍ യുവതി എത്തി. രജിസ്ട്രേഷന് ആദ്യഘട്ട നടപടികള്‍ പൂര്‍ത്തിയായതോടെ വിവരമറിഞ്ഞ് വധുവിന്റെ ബന്ധുക്കള്‍ സ്ഥലത്തെത്തുകയും വാക്കേറ്റവും തുടര്‍ന്ന് കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു. വരന്റെ മൂക്കിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ബന്ധുക്കളില്‍ പലര്‍ക്കും പരിക്കേറ്റു.
വിവരമറിഞ്ഞെത്തിയ പോലീസ് ഇരുകൂട്ടരെയും സ്റ്റേഷനില്‍ എത്തിച്ചു. ഉദ്യോഗസ്ഥര്‍ ഏറെനേരം ചര്‍ച്ച നടത്തിയതിന്റെ ഭാഗമായി വരനൊപ്പം യുവതിയെ അയയ്ക്കാന്‍ വീട്ടുകാര്‍ സമ്മതിച്ചതോടെയാണ് പ്രശ്നപരിഹാരത്തിന് വഴിതെളിഞ്ഞത്. സംഘര്‍ഷത്തില്‍ രജിസ്ട്രാര്‍ ഓഫീസില്‍ മറ്റെന്തോ ആവശ്യത്തിനെത്തിയ പുലിയന്നൂര്‍ സ്വദേശിയുടെ കാറിന്റെ ചില്ല് തകര്‍ന്നിരുന്നു. ഇത് വരന്റെ വീട്ടുകാര്‍ മാറിനല്‍കി. പൊതുസ്ഥലത്ത് അടിപിടി ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.