മെഡിക്കൽകോളജ്: മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഓഡിറ്റോറിയം ബുക്ക് ചെയ്ത റിട്ട. സർക്കാർ ജീവനക്കാരൻ ഒടുവിൽ പുലിവാലു പിടിച്ചു. മുൻകൂർ തുക കൂടാതെ മുഴുവൻ തുകയും അടച്ച് ഓഡിറ്റോറിയം ബുക്കുചെയ്ത ശ്രീകാര്യം ഗാന്ധിപുരം സ്വദേശി രാമൻകുട്ടിക്കാണ് 81,000 രൂപ നഷ്ടമായത്.
മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് കൊച്ചുള്ളൂരിലെ ഒരു ഓഡിറ്റോറിയമാണ് അടുത്ത വർഷം ഫെബ്രുവരി 11ന് ഇദ്ദേഹം ബുക്ക് ചെയ്തത്. സാധാരണ ഗതിയിൽ അഡ്വാൻസ് തുക അടച്ചാണ് ഓഡിറ്റോറിയം ബുക്ക് ചെയ്യാറുള്ളത്. എന്നാൽ രാമൻകുട്ടി മുഴുവൻ തുകയും അടയ്ക്കുകയായിരുന്നു. അതിനിടെ കല്യാണത്തിന് ഓഡിറ്റോറിയം അലങ്കരിക്കുന്നതുമായി ബന്ധപ്പെട്ട് 5,000 രൂപകൂടി നൽകണമെന്ന് ഓഡിറ്റോറിയം ഉടമ ആവശ്യപ്പെട്ടു. അലങ്കാരങ്ങൾ തന്റെ മേൽനോട്ടത്തിൽ നടത്തിക്കൊള്ളാമെന്നായി രാമൻകുട്ടി. ഇത് ഓഡിറ്റോറിയം ഉടമ അംഗീകരിച്ചില്ല.
ആവശ്യമായ അലങ്കാരങ്ങൾ ഉടമയുടെ നിരീക്ഷണത്തിൽ നടത്താൻ സാധ്യതയില്ലാത്തതിനാലാണ് രാമൻകുട്ടി തന്നെ ഓഡിറ്റോറിയത്തിൽ അലങ്കാരങ്ങൾ നടത്താമെന്ന് അറിയിച്ചത്. ഇതോടെ ഇരുകൂട്ടരും തമ്മിൽ തർക്കമായി. അങ്ങനെയെങ്കിൽ വിവാഹം പ്രസ്തുത ഓഡിറ്റോറിയത്തിൽ നടത്താൻ തനിക്കു താൽപ്പര്യമില്ലെന്നും അടച്ചതുക തിരികെത്തരണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, അടച്ചതുക തിരികെ തരാൻ നിർവാഹമില്ലെന്നും തങ്ങളുടെ ഭാഗത്തുനിന്ന് കുഴപ്പമുണ്ടായാൽ മാത്രമേ തുക തിരികെത്തരാൻ സാധിക്കുവെന്നും ഓഡിറ്റോറിയം ഉടമ പറഞ്ഞു. തുടർന്ന് രാമൻകുട്ടി മെഡിക്കൽകോളജ് സിഐക്കു പരാതി നൽകി. ഓഡിറ്റോറിയം ഉടമയിൽ നിന്ന് തുക വാങ്ങി നൽകണമെന്നായിരുന്നു ആവശ്യം.
പോലീസ് സ്റ്റേഷനിൽ ഇരുകൂട്ടരെയും വിളിപ്പിച്ചുവെങ്കിലും ഓഡിറ്റോറിയം ഉടമയും ശാസ്തമംഗലം സ്വദേശിയുമായ സ്ത്രീ തന്റെ നിലപാടിൽ ഉറച്ചുനിന്നു. രാമൻകുട്ടി വിവാഹം ബുക്കുചെയ്ത ഫെബ്രുവരി 11ന് മറ്റാരെങ്കിലും വിവാഹം ബുക്കുചെയ്യാൻ എത്തുകയാണെങ്കിൽ തുക തിരികെ നൽകാമെന്നായി ഉടമ. എന്നാൽ ഇതിലെ ചതിക്കുഴി പിന്നീടാണ് രാമൻകുട്ടി അറിഞ്ഞത്.
ഫെബ്രുവരി 11ന് വിവാഹം ബുക്ക് ചെയ്യാൻ ആരെങ്കിലും ഓഡിറ്റോറിയം ഉടമയെ സമീപിച്ചാൽ അക്കാര്യം രാമൻകുട്ടി അറിയില്ല. ഇനി മറ്റൊന്നുകൂടി- പ്രസ്തുതദിവസം വിവാഹം ബുക്ക് ചെയ്യാൻ വരുന്നവരോട്, അന്ന് ഒഴിവില്ലെന്ന് പറഞ്ഞ് ഉടമ മടക്കി അയച്ചേക്കാം. ആരുമറിയുകയുമില്ല. ഏതായാലും ഇത്തരമൊരു തീരുമാനം പരസ്പരം സമ്മതിച്ചുകൊണ്ട് ഇരുകൂട്ടരെക്കൊണ്ടും കഴിഞ്ഞദിവസം സ്റ്റേഷൻ അധികൃതർ ഒപ്പിടീച്ചശേഷം പറഞ്ഞുവിടുകയായിരുന്നു.