പള്ളുരുത്തി: കേന്ദ്രസര്‍ക്കാരിന്റെ കറന്‍സി റദ്ദാക്കല്‍ നടപടിയെ തുടര്‍ന്നു സഹകരണബാങ്കില്‍നിന്നു വിവാഹാവശ്യങ്ങള്‍ക്കും മറ്റുമുള്ള വായ്പ നിഷേധിക്കുന്നതിനെതിരേ ബാങ്കിനു മുന്നില്‍ പ്രതീകാത്മക വിവാഹം നടത്തി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് കൊച്ചി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോപ്പുംപടി എസ്ബിടി ബാങ്കിനു മുന്നിലാണു വിവാഹം നടത്തിയത്.
യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് സെക്രട്ടറി നൗഫിദയും ഭര്‍ത്താവും ന്യൂനപക്ഷ സെല്‍ ജില്ലാക്കമ്മിറ്റി അംഗവുമായ ഇ.ജെ. ഡാനിയും ബാങ്കിനു സമീപത്തെ എടിഎമ്മിനു മുന്നില്‍വച്ചു പരസ്പരം മാലയിട്ടു പ്രതീകാത്മകമായി വിവാഹിതരാവുകയായിരുന്നു.
സാധാരണക്കാരുടെ ആശ്രയമായ സഹകരണ സംഘങ്ങള്‍ വഴി വായ്പ പാസായവര്‍ക്ക് എത്രയുംവേഗം പണം നല്‍കാനുള്ള നടപടി അധികൃതര്‍ കൈക്കൊള്ളമെന്നു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ആവശ്യപ്പെട്ടു. കെ.ആര്‍. രജീഷ് അധ്യക്ഷത വഹിച്ചു. അജിത്ത് അമീര്‍ ബാവ, റാണി യേശുദാസ്, സുമീത് ജോസഫ്, ബോണി റാഫേല്‍, കെ.എ. പ്രമോദ്, സേവ്യര്‍ ജാക്‌സണ്‍ തുടങ്ങിയവര്‍ സമരത്തിനു നേതൃത്വം നല്‍കി.