കോലാപുർ: വൃദ്ധസദനത്തിൽ വച്ച് പ്രണയബദ്ധരായ എഴുപത്തിയാറുകാരനും എഴുപതുകാരിയും വിവാഹിതരായി.
മഹാരാഷ്ട്രയിലെ കോലാപുരിലെ ജാങ്കി അഗതി മന്ദിരത്തിലാണ് പ്രണയവും വിവാഹവും നടന്നത്.
ഇവിടത്തെ അന്തേവാസികളായ ബാബുറാവു പാട്ടീലും അനുസയ ഷിൻഡെയുമാണ് നവദന്പതികൾ. അന്തേവാസികൾക്ക് മുൻപിൽ നടന്ന വിവാഹച്ചടങ്ങുകൾക്ക് വൃദ്ധസദന അധികാരികളും സാക്ഷികളായി.
വീട്ടുകാരും ബന്ധുക്കളും കൈയൊഴിഞ്ഞപ്പോഴാണ് ഇരുവരും വൃദ്ധസദനത്തിൽ അഭയം തേടിയത്. രണ്ടു വർഷമായി ഇരുവരും ഇവിടെയാണ് താമസം.
എല്ലാദിവസവും കാണാൻ തുടങ്ങിയതോടെ ഇടവേളകളിൽ പരസ്പരം സംസാരിക്കാൻ തുടങ്ങി. അടുത്തറിഞ്ഞതോടെ ഇരുവരും നല്ല സുഹൃത്തുക്കളായി. മറ്റ് അന്തേവാസികൾ അവരുടെ സൗഹൃദത്തെ പ്രോത്സാഹിപ്പിച്ചു.
ഒടുവിലത് പ്രണയമായി മാറി. വൃദ്ധസദന അധികൃതരുടെ പിന്തുണ കൂടി ലഭിച്ചതോടെ വിവാഹിതരാവാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.
ബാബു റാവുവിന്റെയും അനുസയയുടെയും മുൻ പങ്കാളികൾ ഏറെ വർഷംമുൻപേ മരിച്ചിരുന്നു.
വിവാഹത്തോടെ താമസം മാറിയ ഇരുവരും ഇപ്പോൾ വൃദ്ധസദനത്തിനു സമീപത്തുതന്നെയായി മറ്റൊരു വീട്ടിലാണു താമസം.
ഇവരുടെ വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.