നാലാൾ ശ്രദ്ധിക്കും വിധം വിവാഹാഘോഷം വ്യത്യസ്തമാക്കാൻ പലരും ശ്രമിക്കാറുണ്ട്. ഇത്തരം പല ആഘോഷങ്ങളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുമുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കപ്പെട്ട പുതിയൊരു വീഡിയോയിൽ വിവാഹവേദിയിലേക്കുള്ള വധുവിന്റെ വരവ് കണ്ടാൽ അമ്പരന്ന് പോകും. സാധാരണ മന്ദംമന്ദം നടന്നാണു വധു വരാറുള്ളതെങ്കിൽ ഇവിടെ കല്യാണപ്പെണ്ണ് വന്നതു കയറിൽ തൂങ്ങി..!
രണ്ടുനിലകളുള്ള ഹാളിലായിരുന്നു വിവാഹം. മുകൾ നിലയിൽനിന്നു വധു താഴത്തെനിലയിലേക്കു സ്പ്രിംഗ് പോലെയുള്ള കയറിൽ തൂങ്ങി ഇറങ്ങുകയായിരുന്നു. വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരുടെ ഇടയിലേക്കായിരുന്നു വധുവിന്റെ മാസ് എൻട്രി.
വളരെ കൂളായി പുഞ്ചിരിച്ചുകൊണ്ടുള്ള തൂങ്ങിയിറക്കം കണ്ടിട്ടു പെണ്ണിനു സർക്കസിലാണോ ജോലി എന്നു നിരവധിപ്പേർ കമന്റിട്ടു. എവിടെയാണ് ഈ വിവാഹം നടന്നതെന്നു വീഡിയോയിൽ വ്യക്തമല്ല.
ഇത്തരം വ്യത്യസ്തമായ എൻട്രികൾ മുൻപും ഉണ്ടായിട്ടുണ്ട്. യുകെയിൽ മുൻ ആർമി ഉദ്യോഗസ്ഥനായ ക്രിസ് പാർക്ക്സ് വിവാഹവേദിയിലെത്തിയതു സ്കൈഡൈവ് ചെയ്തായിരുന്നു. ഒരു യുദ്ധത്തിൽ ഒരു കാല് നഷ്ടപ്പെട്ടയാളായിരുന്നു ക്രിസ്.