ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ് വിവാഹം. ശുഭകരമായ കാര്യങ്ങൾ മാത്രം ആ ദിനത്തിൽ നടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ പാക്കിസ്ഥാൻ സ്വദേശിയായ ഒരു നവവരന് വിവാഹദിനം സമ്മാനിച്ചത് ഓർക്കാൻ ആഗ്രഹിക്കാത്ത സംഭവങ്ങളാണ്. വിവാഹവസ്ത്രമണിഞ്ഞ് നടുറോഡിൽ വെള്ളത്തിൽ കാറു തള്ളേണ്ടിവന്നു ഈ പാവം വരന്. പാക് പഞ്ചാബ് ജില്ലയിലുള്ള ഗുജറൻവാലയിലാണ് സംഭവം അരങ്ങേറിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തകർത്തോടുകയാണ്.
കനത്ത മഴയിൽ റോഡിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് കാർ വഴിയിൽ നിന്നുപോയതോടെയാണ് സംഭവങ്ങളുടെ തുടക്കം. സഹായത്തിന് ആരുമില്ലാതിരുന്നതിനാൽ വരന് വിവാഹവേഷത്തിൽ തന്നെ കാറിൽ നിന്നിറങ്ങി തള്ളേണ്ടിവരികയായിരുന്നു. ചെരുപ്പ് ഊരി കൈയിൽപിടിച്ച് റോഡിലെ വെള്ളത്തിലിറങ്ങി നിന്ന് പൂക്കൾക്കൊണ്ട് അലങ്കരിച്ച കാർ തള്ളുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. സമീപം നിന്നയൊരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് വൈറലായി മാറുകയായിരുന്നു.