തിരുവനന്തപുരം: വഞ്ചനാക്കുറ്റം ആരോപിച്ച് പരാതിയുമായി നവവധുവും കുടുംബവും. തിരുവനന്തപുരം കരമന സ്വദേശി മിഥുനെതിരേയാണ് യുവതിയും കുടുംബവും വഞ്ചനാ കുറ്റത്തിന് പരാതി നല്‍കിയത്.
യുവതിയും മിഥുനും കഴിഞ്ഞ ദിവസമാണ് വിവാഹം ചെയ്തത്. എന്നാല്‍ വിവാഹശേഷം നവദമ്പതിമാര്‍ വരന്റെ വീട്ടിലേക്ക് മടങ്ങി. എന്നാൽ അതേ സമയം 35കാരിയായ മറ്റൊരു യുവതിയും ഇവിടെയെത്തി. മിഥുനുമായി തനിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞാണ് അവർ വന്നത്.
ഇതോടെ ഇരുവരും തമ്മിൽ തര്‍ക്കമുണ്ടാവുകയും നാട്ടുകാര്‍ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് പെൺകുട്ടിയുടെ വീട്ടുകാർ ഇവിടേക്ക് വരികയും പിന്നീട് വരനെതിരേ പരാതി നൽകുകയുമായിരുന്നു. മിഥുന് പല പെണ്‍കുട്ടികളുമായി ബന്ധമുള്ള കാര്യം അയാളുടെ വീട്ടുകാര്‍ മനഃപൂര്‍വം തങ്ങളിൽ നിന്ന് മറച്ചുവെച്ചെന്നും ചൂണ്ടിക്കാട്ടിയാണ് വധുവിന്റെ കുടുംബം പരാതി നൽകിയത്.
വിവാഹത്തിന് മുൻപ് വരനെക്കുറിച്ച് തിരക്കിയിരുന്നു. എന്നാൽ ആ സമയം ഇതൊന്നും അറിഞ്ഞിരുന്നില്ല. അതാണ് തങ്ങളുടെ മകളെ മിഥുന് കല്യാണം കഴിച്ച് കൊടുത്തതെന്ന് പെൺകുട്ടിയുടെ കുടുംബം പറഞ്ഞു. നവവധുവിന്റെ പരാതിയില്‍ മിഥുനും കുടുംബത്തിനുമെതിരേ വഞ്ചനാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു.