ഒരു വിവാഹം മുടങ്ങാന്‍ പല കാരണങ്ങളുമുണ്ട്. എന്നാല്‍ തികച്ചും വ്യത്യസ്ഥമായ ഒരു കാരണം കൊണ്ടാണ് കഴിഞ്ഞ ദിവസം സൂറത്തില്‍ ഒരു വാഹം മുടങ്ങിയത്. യുവതിയുടെയും യുവാവിന്റെയും വിവാഹം നടക്കാതിരുന്നതിന് കാരണക്കാര്‍ മറ്റാരുമല്ല വരന്റെ പിതാവും വധുവിന്റെ അമ്മയുമാണ്. വരന്റെ പിതാവും വധുവിന്റെ അമ്മയും ഒളിച്ചോടിയതോടെ വിവാഹം മുടങ്ങുകയായിരുന്നു. 48-കാരനും 46-കാരിയുമാണ് തങ്ങളുടെ പഴയകാലം ഓര്‍ത്തെടുത്ത് ഒരുമിച്ച് ജീവിക്കാനായി ഒളിച്ചോടിയത്.
ഫെബ്രുവരി രണ്ടാം വാരത്തിലാണ് വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ വരന്റെ പിതാവും വധുവിന്റെ അമ്മയും ഒളിച്ചോടിയതോടെ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ഒളിച്ചോടിയിട്ട് പത്ത് ദിവസം ആയെങ്കിലും കണ്ടെത്താനായിട്ടില്ല. കതര്‍ഗം പ്രദേശത്തുള്ള വരന്റെ വീട്ടില്‍ നിന്നും പിതാവിനേയും നവസാരി പ്രദേശത്തുള്ള വധുവിന്റെ വീട്ടില്‍ നിന്നും വധുവിന്റെ അമ്മയേയും ഒരേ ദിവസമാണ് കാണാതായത്. ഇരുവരും ഒളിച്ചോടിയത് തന്നെ ആണെന്ന നിഗമനത്തിലാണ് ബന്ധുക്കളും പോലീസും. ഇരു കുടുംബക്കാരും മിസ്സിംഗ് കേസ് നല്‍കിയിട്ടുണ്ട്.
ഒരു വര്‍ഷം മുമ്പാണ് യുവാവിന്റെയും യുവതിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. തുടര്‍ന്ന് വിവാഹത്തിനായുള്ള ഒരുക്കത്തിലായിരുന്നു ഇരുവരും. വിവാഹത്തിന് ഒരു മാസം മുമ്പ് ഇത്തരത്തില്‍ വരന്റെ പിതാവും വധുവിന്റെ മാതാവും ഒളിച്ചോടിയത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. വരന്റെ പിതാവ് വസ്ത്ര വ്യാപാരവും വസ്തു കച്ചവടവും ഒക്കെ ചെയ്യുന്ന ആളാണ്. ജനുവരി പത്താം തീയതി മുതല്‍ ഇയാളെ കാണാതാവുകയായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗം കൂടിയാണ് ഇയാള്‍.
തന്റെ കുട്ടിക്കാലം മുതല്‍ ഇയാള്‍ക്ക് വധുവിന്റെ അമ്മയെ അറിയാവുന്നതാണ്. ഇരുവരും നേരത്തെ അയല്‍വാസികളായിരുന്നു. മാത്രമല്ല അടുത്ത കൂട്ടുകാരുമായിരുന്നു. എന്നാല്‍ നേരത്തെ ഇരുവരും തമ്മില്‍ പ്രണയബദ്ധരായിരുന്നുവെന്നും ഇരുവരെയും പരിചയമുള്ള ചിലര്‍ പറയുന്നു. ഇരുവരുടെയും ചിത്രങ്ങളും വിവരങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പറന്നു കളിക്കുകയാണ്. എന്തായാലും കേട്ടുകേഴ്വിയില്ലാത്ത ഒരു സംഭവമാണിതെന്നാണ് ഒട്ടു മിക്ക ആളുകളും പ്രതികരിക്കുന്നത്.